ഓപ്പറേഷന്‍ സിന്ദൂര്‍ : വിമാനത്താവളങ്ങള്‍ അടച്ചു; അതീവ ജാഗ്രത

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി അധികൃതര്‍ സൂചിപ്പിച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം പത്തു വിമാനത്താവളങ്ങളാണ് അടച്ചിട്ടുള്ളത്.
ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് ഈ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ പുറപ്പെടലുകള്‍, വരവുകള്‍, കണക്റ്റിങ്ങ് വിമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് എയര്‍ലൈന്‍സ് അധികൃതരില്‍ നിന്നും മനസ്സിലാക്കി അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
സുരക്ഷാ മുന്‍കരുതല്‍ മുന്‍നിര്‍ത്തി താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയെത്തുടര്‍ന്നുള്ള സാഹചര്യം മുന്‍നിര്‍ത്തി പാകിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.