അന്തർദേശീയംടെക്നോളജി

ഓപ്പൺ എഐ ‘ഹൈ സ്റ്റേക്സ് എഐ സേഫ്റ്റി’ വിഭാഗത്തിലേക്ക് വിദഗ്ധരെ തേടുന്നു; ശമ്പളം 5 കോടി

സാൻഫ്രാൻസിസ്കോ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ലോകോത്തര സ്ഥാപനമായ ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും നിർണ്ണായകമായ സുരക്ഷാ വിഭാഗത്തിലേക്ക് വിദഗ്ധരെ തേടുന്നു.

പ്രതിവർഷം 6,00,000 ഡോളർ (ഏകദേശം 5.06 കോടി രൂപ) വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഈ തസ്തികയെ ‘ഏറ്റവും സമ്മർദ്ദം നിറഞ്ഞ ജോലി’ എന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ വിശേഷിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ലോകത്തിന് ഭീഷണിയാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്ന ‘ഹൈ സ്റ്റേക്സ് എഐ സേഫ്റ്റി’ വിഭാഗത്തിലേക്കാണ് നിയമനം നടക്കുന്നത്.

എഐയുടെ വളർച്ച അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ, അത് ഉയർത്തുന്ന വെല്ലുവിളികൾ മുൻകൂട്ടി കാണുകയും തടയുകയുമാണ് ഈ തസ്തികയിലുള്ളവരുടെ പ്രധാന ചുമതല.

സമൂഹമാധ്യമമായ എക്സിലൂടെയാണ് ആൾട്ട്മാൻ ഈ തൊഴിലവസരം പങ്കുവെച്ചത്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ ഇതൊരു വെല്ലുവിളി നിറഞ്ഞ ജോലിയായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉയർന്ന പ്രതിഫലത്തോടൊപ്പം തന്നെ ഉയർന്ന ഉത്തരവാദിത്തവും മാനസിക സമ്മർദ്ദവും ഈ ജോലിയിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐ സുരക്ഷാ കാര്യങ്ങളിൽ ഗവേഷണം നടത്തുന്നതിനും സുരക്ഷിതമായ രീതിയിൽ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനുമായി കമ്പനി വലിയൊരു തുക തന്നെ നീക്കിവെച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള എഐ വിദഗ്ധർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഓപ്പൺ എഐയുടെ ഈ പുതിയ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button