സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

തിരുവനന്തപുരം : ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും.
മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.