ഒമാനിൽ പുതിയ നിക്ഷേപകർക്ക് സുവർണാവസരം; ഒമാൻ ഗോൾഡൻ റെസിഡൻസി വിസ ആരംഭിച്ചു

മസ്കത്ത് : ഒമാന്റെ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, നിക്ഷേപകർക്കായുള്ള ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാമിന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സലാലയിൽ തുടക്കം കുറിച്ചു. പത്ത് വർഷത്തേക്ക് പുതുക്കാവുന്ന ഈ റെസിഡൻസി, ഒമാനെ ദീർഘകാല നിക്ഷേപത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ്. നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും ഈ ഗോൾഡൻ റെസിഡൻസി ലഭിക്കുന്നതിലൂടെ ഒമാനിൽ സ്ഥിരതാമസമാക്കാനും വിപുലമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.
നേരത്തെ, ദീർഘകാല റെസിഡൻസിക്ക് കുറഞ്ഞ നിക്ഷേപം 250,000 ഒമാനി റിയാൽ ആയിരുന്നു. പുതിയ പ്രോഗ്രാമിലൂടെ ഇത് കുറച്ചുകൊണ്ടാണ് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ ശ്രമിക്കുന്നത്. ഗോൾഡൻ റെസിഡൻസി പ്രോഗ്രാം കുടുംബാംഗങ്ങൾക്കും ആനുകൂല്യങ്ങൾ നൽകുന്നു. കൂടാതെ, നിക്ഷേപകർക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ പ്ലാറ്റ്ഫോം വഴിയുള്ള സഹായവും പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.
ഗോൾഡൻ വിസ എങ്ങനെ സ്വന്തമാക്കാം :-
സ്ഥിര ബാങ്ക് നിക്ഷേപം നടത്തുക (കുറഞ്ഞത് 200,000 ഒമാനി റിയാൽ)
50 ഒമാനി പൗരന്മാർക്ക് തൊഴിൽ നൽകുന്ന കമ്പനികൾ സ്ഥാപിക്കുക
ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിൽ വസ്തുവകകൾ സ്വന്തമാക്കുക
ഒമാനിൽ കമ്പനികൾ സ്ഥാപിക്കുക
സർക്കാർ വികസന ബോണ്ടുകളിലോ ഓഹരികളിലോ നിക്ഷേപിക്കുക
വിദേശ നിക്ഷേപ നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളിലെ പങ്കാളികൾക്കും പ്രധാന ജീവനക്കാർക്കും നോമിനേഷനിലൂടെയും റെസിഡൻസിക്ക് അർഹതയുണ്ട്