ലോകത്ത് ആദ്യമായി വൈ-ഫൈ 7 സാങ്കേതികവിദ്യ അവതരിപ്പിച്ച് ഒമാൻ എയർപോർട്ട്

മസ്കറ്റ് : ലോകത്ത് ആദ്യമായി വൈ-ഫൈ 7 സാങ്കേതികവിദ്യ അവതരിപ്പിച്ച് ഒമാൻ എയർപോർട്ട്. ഹുവാവെയ്യുമായി ചേർന്നാണ് പുതിയ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ വേഗതയുള്ളതും സുരക്ഷിതവുമായ ഇന്റർനെറ്റ് ലഭിക്കും. വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമതയും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള ‘ഒമാൻ വിഷൻ 2040’ ന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ആണ് പുതിയ നപടി.
വൈ-ഫൈ 7 എന്ന ഏറ്റവും പുതിയ വയർലെസ് സാങ്കേതികവിദ്യ കൊണ്ട് യാത്രക്കാർക്ക് നിരവധി ഗുണങ്ങൾ ലഭിക്കും. ഈ സംവിധാനത്തിലൂടെ സ്ട്രീമിംഗ്, ഡൗൺലോഡ്, അപ്ലോഡ് എന്നിവ വളരെ വേഗത്തിലാക്കാം.
വ്യക്തിഗത വിവരങ്ങൾ ചോർന്നു പോകാതെ സുരക്ഷിതമായി നെറ്റ് ഉപയോഗിക്കാൻ കഴിയും. എയർപോർട്ടിൽ തിരക്കേറിയ സമയങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നത് കുറയുമെന്നും അധികൃതർ വ്യക്തമാക്കി.
വൺ സ്റ്റോപ്പ് പദ്ധതി മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഒമാൻ വിമാനത്താവളത്തിൽ തിരക്കേറും എന്നാണ് വിലയിരുത്തൽ. ചെക്ക് ഇൻ പോലെയുള്ള എയർപോർട്ട് നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വേണ്ടിയും വ്യോമയാന മേഖലയിലെ ഡിജിറ്റൽ മാറ്റത്തിന്റെ ഭാഗമായി ആണ് പുതിയ പദ്ധതിയെന്നും സർക്കാർ അറിയിച്ചു.



