കുവൈറ്റിൽ നിന്ന് ബാങ്ക് വായ്പയെടുത്ത് മുങ്ങി; മലയാളികളെ തേടി ഉദ്യോഗസ്ഥർ കോട്ടയത്ത്

കോട്ടയം : കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. 10 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ 8 പേർക്കെതിരെയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി 8 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. 60 ലക്ഷം മുതൽ 1.20 കോടി രൂപ ബാങ്കിന് കുടിശികയായവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലും കേസുകളുണ്ട്. ബാങ്ക് തെളിവുകൾ ഹാജരാക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടിയേക്കും.
അൽ അലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫിസർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. കോവിഡ് സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവു മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടക്കുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. 2020ൽ എടുത്ത വായ്പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്.
നഴ്സ്, ഡ്രൈവർ, മാനേജർ ജോലികൾ ചെയ്തിരുന്നവരാണ് പ്രതികളായവരിൽ ഏറെയും. ബാങ്കിന്റെ പരാതിയിൽ പറയുന്ന മേൽവിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. ഒരു കോടിയിൽ അധികം രൂപ തിരിച്ചടയ്ക്കാനുള്ള ചിലർ ഇപ്പോഴും വിദേശത്താണെന്നതിനാൽ ലുക്ക് ഔട്ട് നോട്ടിസ് നൽകുന്നതിൽ വിദഗ്ധ ഉപദേശം പൊലീസ് തേടിയേക്കും.സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപണങ്ങൾ സാധൂകരിക്കാനുള്ള തെളിവു നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.
ബാങ്ക് അധികൃതർ നൽകിയ തെളിവുകളിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കേസെടുത്തത്. മറ്റൊരു രാജ്യത്തെ സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയായതിനാൽ സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത സമാന സ്വഭാവത്തിലുള്ള കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.