കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രത്യേക പ്രസ്താവന നടത്തും.
മഹത്തായ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചെയര്‍മാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.



