യുവത്വം സിംഗിള്‍ ലൈഫിന് പിറകെ; ചൈനയിലെ വിവാഹങ്ങളില്‍ റെക്കോര്‍ഡ് ഇടിവ്

വിവാഹത്തോടും കുടുംബ ജീവിതത്തോടും ചൈനീസ് യുവാക്കള്‍ മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനന നിരക്ക് ഉയര്‍ത്താന്‍ പുതിയ പദ്ധതികളും നയങ്ങളുമായി ചൈന മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹത്തോട് താത്പര്യം കുറയുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ രാജ്യത്തെ വിവാഹങ്ങള്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം പറയുന്നത്.
ചൈനയിലെ വിവാഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ല്‍ 77 ലക്ഷം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024 ല്‍ ഇത് 61 ലക്ഷമായി കുറഞ്ഞു. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളുടെ പകുതി മാത്രമാണിത്.
വിവാഹങ്ങളുടെ എണ്ണം കുറയുന്നതിന് ഒപ്പം വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. 26 ലക്ഷം വിവാഹ മോചനങ്ങളാണ് 2024 ല്‍ നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനയാണ് വിവാഹ മോചനങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്തിന് ശേഷം സജീവമായ 2023 ല്‍ വിവാഹങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചൈനീസ് ചാന്ദ്ര കലണ്ടര്‍ പ്രകാരം 2024 അശുഭകരമായ ‘വിധവാ വര്‍ഷം’ ആയി കണക്കാക്കിയിരുന്നതിനാല്‍ ആളുകള്‍ വിവാഹം ഒഴിവാക്കിയാണ് കണക്കിലെ കുറവിന് കാരണമെന്ന വാദവും ഉയരുന്നുണ്ട്.
എന്നാല്‍, കുതിച്ചുയരുന്ന ജീവിത ചെലവുകളും മറ്റ് സാഹചര്യങ്ങളുമാണ് വിവാഹങ്ങളോടുള്ള യുവാക്കളുടെ വിമുഖതയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. പുരുഷന്‍മാരെ ആശ്രയിച്ചുള്ള ജീവിതത്തോടും വിവാഹ ജീവിതത്തോടും സ്ത്രീകള്‍ക്ക് താത്പര്യം കുറഞ്ഞതും കണക്കുകളിലെ ഇടിവിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.