രാജസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി; മരുന്ന് കഴിച്ച ഡോക്ടർ ബോധരഹിതനായി ആശുപത്രിയിൽ

ജയ്പൂർ : രാജസ്ഥാനിൽ സ്വകാര്യ കമ്പനി നിർമിച്ച കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സിറപ്പ് കഴിച്ച 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ച ഡോക്ടറെ എട്ട് മണിക്കൂറിന് ശേഷം കാറിൽ ബോധരഹിതനായി കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി.
സർക്കാറിനായി കൈസൺ ഫാർമ എന്ന കമ്പനി പുറത്തിറക്കിയ ഡിക്‌സ്‌ത്രോമെതോർഫൻ ഹൈഡ്രോബ്രോമൈഡ് സംയുക്തമടങ്ങിയ സിറപ്പ് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായത്. മരുന്ന് കഴിച്ച അഞ്ച് വയസുകാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് വിഷയം ചർച്ചയായത്.
സികാർ ജില്ലയിലെ നിതിൻ എന്ന അഞ്ച് വയസുകാരനെ ചുമയും ജലദോഷവും മൂലമാണ് മാതാപിതാക്കൾ ഞായറാഴ്ച രാത്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം രാത്രി 11.30നാണ് കുട്ടിക്ക് കഫ് സിറപ്പ് നൽകിയത്. പുലർച്ചെ മൂന്ന് മണിയോടെ എണീറ്റ കുട്ടിക്ക് അമ്മ വെള്ളം നൽകി. വീണ്ടും ഉറങ്ങിയ കുട്ടി പിന്നെ ഉണർന്നില്ല. തിങ്കളാഴ്ച രാവിലെയോടെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
നിതിൻ മരിച്ച വാർത്ത പുറത്തുവന്നതോടെയാണ് സെപ്റ്റംബർ 22ന് സിറപ്പ് കഴിച്ച രണ്ട് വയസുകാരനായ മറ്റൊരു കുട്ടിയും മരിച്ചതായി മാതാപിതാക്കൾ പറഞ്ഞത്. ഭരത്പൂരിലെ മൽഹ ഗ്രാമത്തിലെ സാമ്രാട്ട് ജാതവ് ആണ് മരിച്ചത്. സാമ്രാട്ട്, സഹോദരി സാക്ഷി, കസിൻ വിരാട് എന്നിവർക്ക് ഒരുമിച്ചാണ് ചുമയും ജലദോഷവും വന്നത്. സെപ്റ്റംബർ 22ന് മാതാവ് ജ്യോതി മൂന്ന് കുട്ടികളെയും ഹെൽത്ത് സെന്ററിൽ കൊണ്ടുപോയി. അവിടെ നിന്ന് കൈസൺ ഫാർമയുടെ കഫ് സിറപ്പ് നൽകി. അഞ്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് മാതാവ് മൂന്നുപേരെയും തട്ടിവിളിച്ചു. സാക്ഷിയും വിരാടും ഉണർന്ന ഉടൻ ഛർദിച്ചു. എന്നാൽ സാമ്രാട്ട് അബോധാവസ്ഥയിൽ തുടരുകയായിരുന്നു. സാമ്രാട്ടിനെ ഭരത്പൂരിലെ ആശുപത്രിയിലും പിന്നീട് ജയ്പൂരിലെ ജെകെ ലോൺ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെപ്റ്റംബർ 24ന് ബയാനയിലെ മൂന്ന് വയസുകാരനായ ഗഗൻ കുമാറിന് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതിനെതിരെ പരാതി ഉയർന്നതോടെ മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഡോ. താരാചന്ദ് യോഗി സിറപ്പ് കഴിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്കും ഒരു ഡോസ് മരുന്ന് കൊടുത്തു. തുടർന്ന് കാറിൽ മടങ്ങിയ ഡോക്ടറെ കുറിച്ച് ദീർഘനേരം വിവരമൊന്നും ലഭിക്കാത്തതിനാൽ കുടുംബം മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കാറിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ആംബുലൻസ് ഡ്രൈവർക്കും സമാനമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടി.
മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് 22 ബാച്ച് കഫ് സിറപ്പുകൾ രാജസ്ഥാൻ സർക്കാർ നിരോധിച്ചു. ഈ വർഷം ജൂലൈ മുതൽ 1.33 ലക്ഷം ബോട്ടിൽ മരുന്ന് രോഗികൾക്ക് വിതരണം ചെയ്തതായി മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ജയ്പൂർ എസ്എംഎസ് ഹോസ്പിറ്റലിൽ 8,200 ബോട്ടിൽ സിറപ്പ് സ്റ്റോക്കുണ്ട്. ഇത് ആർക്കും നൽകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.