ഇനി യു കെ വിസ ലഭിക്കാൻ ഇംഗ്ലീഷ് പരീക്ഷ പാസാകണം

ലണ്ടൻ : ഇനി മുതൽ യു കെ സ്‌കിൽഡ് വിസ ലഭിക്കണമെങ്കിൽ ‘കട്ടിയേറിയ’ ഒരു ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണം. ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ‘ എന്നാണ് പുതിയ പരീക്ഷയുടെ പേര്. യു കെ ഹോം ഓഫീസ് അംഗീകരിച്ച ഏജൻസിയാകും പരീക്ഷ നടത്തുക. അടുത്ത വർഷം ജനുവരി 8 മുതൽ ഈ പരീക്ഷ കൂടി പാസായാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.
വർധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഭാഗമായി നിരവധി മാറ്റങ്ങളാണ് യു കെ സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി ആണ് പുതിയ പരീക്ഷയുടെ പ്രഖ്യാപനവും.
അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷയിലെ വായന, എഴുത്ത്, സംസാരം എന്നിവയുടെ നിലവാരം എ ലെവൽ അല്ലെങ്കിൽ പ്ലസ് ടുവിന് തുല്യമായ ബി 2 തലത്തിൽ ഉള്ളതാകണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാർക്കും കൂടി പരിഗണിച്ച് മാത്രമേ വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കൂ.
നിങ്ങൾ ഈ രാജ്യത്തേക്ക് വരണമെന്ന് ആഗ്രഹിക്കുണ്ടെങ്കിൽ ഞങ്ങളുടെ ഭാഷ പഠിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ജോലി നേടാൻ സാധിക്കുകയുള്ളു എന്ന് യു കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.
രാജ്യത്തെക്ക് കടന്ന് വരാനും രാജ്യ പുരോഗതിക്ക് സംഭാവന നൽകുന്നവരെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യും. എന്നാൽ ഭാഷ പഠിക്കാതെ, നാടിന് ഒരു സംഭാവനയും നൽകാൻ കഴിയാത്ത കുടിയേറ്റക്കാർ ഇവിടെ വരുന്നത് അംഗീകരിക്കാനാവില്ല എന്നും അവർ വ്യക്തമാക്കി.
പുതിയ നീക്കത്തിലൂടെ യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണം പ്രതിവർഷം 100,000 വരെ കുറയ്ക്കുമെന്ന് ആണ് അധികൃതരുടെ കണക്കുകൂട്ടൽ. ആശ്രിത വിസയിൽ രാജ്യത്ത് എത്തുന്നവരുടെ കാര്യത്തിലും സമാനമായ നീക്കം വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഡിഗ്രി തലത്തിലുള്ള കോഴ്സുകൾ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താനായി മുൻപ് രണ്ട് വർഷം സമയം അനുവദിച്ചിരുന്നു. അത് വെട്ടിച്ചുരുക്കി 18 മാസമാക്കും. ഈ തീരുമാനം 2027 ജനുവരി മുതൽ നടപ്പിലാകുമെന്നും അധികൃതർ അറിയിച്ചു.