ആരോഗ്യം വീണ്ടെടുത്ത് ഏഴാറ്റുമുഖം ഗണപതി; മയക്കുവെടിവയ്ക്കേണ്ടെന്ന് തീരുമാനം

തൃശൂര്‍ : കാലില്‍ മുറിവേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയെ തത്കാലം മയക്കുവെടിവയ്ക്കേണ്ട എന്നു തീരുമാനം. ആന പ്ലാന്റേഷന്‍ തോട്ടത്തില്‍ നിലയുറപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നു. ആന ആരോഗ്യം വീണ്ടെടുത്തു എന്നാണ് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
മുന്‍കാല്‍ നിലത്തുകുത്താന്‍ പ്രയാസം അനുഭവപ്പെട്ടിരുന്ന അവസ്ഥ മാറിയിട്ടുണ്ട്. ആന പുഴയിലിറങ്ങിക്കുളിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്. ആനയ്ക്കു ക്ഷീണമില്ലെന്നാണ് നിരീക്ഷണം നടത്തുന്ന വനംഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നത്.
കാലില്‍ കമ്പിക്കുത്തിക്കയറി ആനയ്ക്കു നടക്കാന്‍ പ്രയാസമായ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് അതിരപ്പിള്ളി മേഖലയില്‍ വനംവകുപ്പ് പ്ലാന്റേഷന്‍ തൊഴിലാളികളുടെ സഹായത്തോടെ മാലിന്യങ്ങളും പൊട്ടിയ കുപ്പികളും മറ്റും നീക്കം ചെയ്തിരുന്നു. ടൂറിസ്റ്റുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ബിയര്‍കുപ്പികളും മദ്യക്കുപ്പികളും എടുത്തുമാറ്റുകയും ചെയ്തിരുന്നു.