കൊടും മഞ്ഞിലിരുന്നും അറോറ വെളിച്ചം ആസ്വദിക്കാൻ ലോകത്തെ ആദ്യ ഗ്ലാസ് ട്രെയിനുമായി നോർവേ

ഒസ്ലോ : അറോറ ലൈറ്റസ് കാണണം..പക്ഷേ ഈ കൊടും തണുപ്പിൽ എങ്ങനെ ആസ്വദിക്കാനാണ്.. അതിനുള്ള ഉത്തരം സഞ്ചാരികൾക്ക് മുൻപിൽ തുറക്കുകയാണ് നോർവേ. ലോകത്തെ ആദ്യ ഗ്ലാസ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് രാജ്യം. മാനത്തെ വർണവിസ്മയം കാഴ്ചക്കാർക്ക് അനുഭവിച്ചറിയാൻ ഗ്ലാസ് കൊണ്ട് മറച്ച പനോരമിക് ട്രെയിനാണ് സജ്ജമാക്കിയിരിക്കുന്നത്. മിഡ്നൈറ്റ് അറോറ റൂട്ട് എന്നറിയപ്പെടുന്ന ഈ യാത്ര ആഡംബരത്തോടൊപ്പം ആസ്വാദ്യകരമായ പ്രകൃതിദൃശ്യങ്ങളും സമ്മാനിക്കുന്നു.
പുറത്തെ തണുപ്പിൽ നിന്നും ആശ്വാസകരമായി ഇളം ചൂടുള്ള ക്യാബിനുകളിൽ ചാഞ്ഞും ചരിഞ്ഞും ആകാശത്തിന് അഭിമുഖമായി കിടന്നും കാഴ്ചകൾ കാണാം. അറോറ ലൈറ്റ്സിനെക്കുറിച്ച് വിവരിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകളും ട്രെയിനിലുണ്ടാകും. ഇതിന് പുറമെ അറോറ ഫോട്ടോഗ്രാഫി നുറുങ്ങുകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാകും ട്രെയിന്‍ സര്‍വീസ് നടത്തുക. ഇക്കാലത്താണ് അറോറ ലൈറ്റ്സ് അതിന്റെ പൂര്‍ണശോഭയോടെ കാണാന്‍ കഴിയുക.
ആര്‍ട്ടിക് സര്‍ക്കിളിന് വടക്ക് ഭാഗത്തായുള്ള നാര്‍വിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക. അവിടെ നിന്ന്, ഓഫോടെൻ ലൈനിലൂടെ സഞ്ചരിക്കുന്നു, മഞ്ഞുമൂടിയ പർവതങ്ങളിലൂടെ കടന്നുപോകുന്നു. ഈ റൂട്ടിൽ ബ്യോൺഫ്ജെൽ, കട്ടെറാറ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉൾപ്പെടുന്നു. അവിടെ യാത്രക്കാർക്ക് തീ കായാനുള്ള സൗകര്യവും, ചൂടുള്ള പാനീയങ്ങളും ലഭ്യമാക്കും.
കൈയിലൊതുങ്ങുന്ന ചെലവ് മാത്രമാണ് ഈ ആഡംബര യാത്രയ്ക്കായി മുടക്കേണ്ടി വരിക. 130 പൗണ്ടാണ് (ഏകദേശം 13,752 രൂപ) ടിക്കറ്റിനായി ഈടാക്കുന്നത്. നോര്‍വീജിയന്‍ ട്രാവല്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് ട്രെയിന്‍ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പീക്ക് സീസണില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആയതിനാല്‍ നിര്‍ബന്ധമായും മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതാകും സൗകര്യം.



