യാത്രക്കാര്‍ക്ക് ആറ് മണിക്കൂർ ദുരിതയാത്ര സമ്മാനിച്ച് ബാലി-ബ്രിസ്ബെൻ വർജിൻ വിമാനത്തിലെ പ്രവര്‍ത്തന രഹിത ടോയ്‌ലറ്റുകൾ

ബാലി : ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെന്നിലേക്ക് പറന്ന വർജിൻ ഓസ്‌ട്രേലിയയുടെ വിമാനത്തിലെ എല്ലാ ടോയ്‌ലറ്റുകളും ഒരേ സമയം പ്രവര്‍ത്തന രഹിതമായപ്പോൾ യാത്രക്കാര്‍ക്ക് ലഭിച്ചത് ദുരിതയാത്ര. പിന്നാലെ ക്ഷമാപണവുമായി വിമാനക്കമ്പനി രംഗത്തെത്തി. ആറ് മണിക്കൂര്‍ നീണ്ട യാത്രയിലുടനീളം ‘മൂത്ര നാറ്റം’ സഹിച്ച് യാത്രക്കാര്‍ വിമാനത്തിലിരിക്കാന്‍ നിര്‍ബന്ധിതരായി. വർജിൻ ഓസ്‌ട്രേലിയയുടെ ബോയിംഗ് 737 മാക്സ് 8 എന്ന വിമാനത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഡെൻപാസറിൽ നിന്ന് വിമാനം പുറപ്പെട്ടത്, ടേക്ക് ഓഫിന് മുമ്പ് തന്നെ വിമാനത്തിന്‍റെ പിൻഭാഗത്തെ ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാനുള്ള തൊഴിലാളികളുടെ ലഭ്യത കുറവ് മൂലം വിമാനം ഷെഡ്യൂൾ ചെയ്ത സമയത്ത് പറന്നുയർന്നു. ഇത് യാത്രക്കാര്‍ക്ക് സമ്മനിച്ചത് ദുരിതയാത്ര. യാത്രയിലൂടെ നീളം വിമാനത്തില്‍ മൂത്ര നാറ്റം അഹസനീയമായിരുന്നെന്ന് യാത്രക്കാര്‍ പിന്നീട് പരാതിപ്പെട്ടു.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിലെ ശേഷിക്കുന്ന രണ്ട് ടോയ്‍ലറ്റുകളും പ്രവര്‍ത്തന രഹിതമായി. ഇതോടെ സ്ഥിതിഗതികൾ തീര്‍ത്തും വഷളായി. ഇതോടെ ആറ് മണിക്കൂര്‍ യാത്രയില്‍ ആര്‍ക്കും തന്നെ ടോയ്‍ലറ്റുകൾ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍ ചില യാത്രക്കാര്‍ പ്രവര്‍ത്തന രഹിതമായ ടോയ്‍ല്റ്റുകൾ ഉപയോഗിച്ചപ്പോൾ മറ്റ് ചിലര്‍ കുപ്പികളില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതരായെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വൃദ്ധയായ ഒരു യാത്രക്കാരി വിമാനത്തില്‍ തന്നെ ‘കാര്യം’ സാധിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ വിമാനത്തിനുള്ളിൽ ഒരു ‘മൂത്രപ്പുര മണം’ നിറഞ്ഞു. കുപ്പികളോ ഉപയോഗ ശൂന്യമായ ടോയ്‌ലറ്റുകളോ ഉപയോഗിക്കാന്‍ വിമാന ജീവനക്കാര്‍ തങ്ങളോട് ആവശ്യപ്പെട്ടെന്ന് ഒരു യാത്രക്കാരന്‍ ദി ഓസ്‌ട്രേലിയൻ പത്രത്തോട് പരാതി പറഞ്ഞു. സംഭവത്തെ തുടർന്ന് വർജിൻ ഓസ്‌ട്രേലിയ യാത്രക്കാരോട് ക്ഷമാപണം നടത്തി. നേരിടേണ്ടി വന്ന സാഹചര്യത്തില്‍ യാത്രക്കാരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് വർജിൻ ഓസ്‌ട്രേലിയ മാധ്യമങ്ങളിലൂടെ അറിയിച്ചു. നഷ്ടപരിഹാരമായി യാത്രക്കാർക്ക് ഫ്ലൈറ്റ് ക്രെഡിറ്റുകൾ നല്‍കുമെന്നും കമ്പനി അറിയിച്ചു.