നേപ്പാൾ തെരഞ്ഞെടുപ്പിലേക്ക്; പത്രികാ സമര്‍പ്പണം തുടങ്ങി

കാഠ്മണ്ഡു : രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കിയ ജെൻ-സി പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാളിൽ പുതിയ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു. മാർച്ച് അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ സമർപ്പിക്കുന്ന പ്രക്രിയ തുടങ്ങി. കൂടുതൽ യുവത്വവും പുതുതലമുറ പ്രാതിനിധ്യവും ആവശ്യപ്പെട്ടുള്ള ജെൻ-സി പ്രക്ഷോഭം പിന്നിട്ട് മാസങ്ങൾക്ക് ശേഷം രാജ്യം തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് അടുക്കുകയാണ്. നാല് മുൻ പ്രധാനമന്ത്രിമാർ തന്നെയാണ് വീണ്ടും ജനവിധി തേടാൻ രംഗത്തിറങ്ങിയവരിൽ പ്രമുഖര്‍.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യൂണിഫൈഡ് മാർക്സിസ്റ്റ്–ലെനിനിസ്റ്റ്)അധ്യക്ഷനും പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുമായ കെ പി ശർമ ഓലി ഝാപ–ഫൈവ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ–മാവോയിസ്റ്റ് സെന്ററിനെ പ്രതിനിധീകരിച്ച് റുകും ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മുൻ പ്രധാനമന്ത്രിമാരായ മാധവ് കുമാർ നേപ്പാൾ(നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി) റൗതഹത്–വൺ മണ്ഡലത്തിലും പ്രഗതിശീൽ ലോകതാന്ത്രിക് പാർട്ടി നേതാവ് ബാബുരാം ഭട്ടറായ് ഗോർഖ–2മണ്ഡലത്തിലും മത്സരിക്കുന്നു.
ഇതുവരെ നാമനിര്‍ദ്ദേശ പത്രിക നൽകിയ പ്രമുഖരിൽ ഓലി74വയസ്സും,പ്രചണ്ഡയും ബാബുരാം ഭട്ടറായിയും71വയസ്സും,മാധവ് കുമാർ നേപ്പാൾ72വയസ്സുമാണ്.
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി മുതിർന്ന നേതാവ് ഝാല നാഥ് ഖനാലും നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദൂബെയും ഇത്തവണ മത്സര രംഗത്തില്ല.ഖനാൽ സ്വമേധയാ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. സ്വന്തം പാർട്ടിയിലെ യുവ നേതാക്കളുടെ സമ്മര്‍ദ്ദമാണ് ദൂബെ പിൻവാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകൾ.
മുൻ പ്രധാനമന്ത്രി ദൂബെ ഏഴ് തവണയും ഡാഡെൽധുര മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മുൻ മന്ത്രിയുമായ അർസു റാണ ദുബെയും ഇത്തവണ ടിക്കറ്റ് ലഭിക്കാത്തവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ യുവജനങ്ങൾ നയിച്ച ജെൻZപ്രക്ഷോഭങ്ങളെ തുടർന്ന് കെ പി ശർമ ഓലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് അനിവാര്യമായത്.കഴിഞ്ഞ15വർഷമായി ദുബെ,പ്രചണ്ഡ,ഓലി എന്നീ നേതാക്കൾ പ്രധാനമന്ത്രി പദത്തിൽ മാറിമാറി തുടരുന്നു.
മുൻ പ്രധാനമന്ത്രിമാർക്ക് പുറമെ,മൂന്ന് പ്രമുഖ മേയർമാരും രാജിവെച്ച് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്.കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയുടെ മുൻ മേയർ ബാലേന്ദ്ര ഷാ ‘ബാലൻ’ ഝാപ–ഫൈവ മണ്ഡലത്തിൽ നിന്ന് കെ പി ശർമ ഓലിക്കെതിരെ മത്സരിക്കുന്നു.ധാരൻ സബ് സിറ്റി നഗരസഭയുടെ മേയർ ഹർക്ക സമ്പാംഗ് സുന്‍സരി–വൺ മണ്ഡലത്തിൽ മത്സരിക്കുന്നു.മുൻ മേയറായ പ്രചണ്ഡയുടെ മകൾ രേണു ദഹാൽ ചിതവാൻ–3മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു.
രാജ്യത്തെ165നേരിട്ടുള്ള സീറ്റുകളിലേക്കാണ് ജനവിധി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇതുവരെ 3,088പുരുഷന്മാരും 395സ്ത്രീകളും വിവിധ പാർട്ടികളിൽ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥികളായും നാമനിർദേശ പത്രികകൾ സമർപ്പിച്ചു.
ആകെ275അംഗങ്ങളുള്ള പ്രതിനിധി സഭയിൽ165സീറ്റുകൾ ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് (FPTP) രീതിയിലൂടെയും ശേഷിക്കുന്ന110സീറ്റുകൾ അനുപാതിക പ്രതിനിധ്യത്തിലൂടെയുമാണ് തെരഞ്ഞെടുക്കുന്നത്.
നാമനിർദേശ പത്രികകളുടെ പരിശോധനയ്ക്ക് ശേഷം ജനുവരി23ന് അന്തിമ സ്ഥാനാർഥി പട്ടിക തിരഞ്ഞെടുപ്പ് പ്രസിദ്ധീകരിക്കും.
നേപ്പാളിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പുതു തലമുറ എങ്ങിനെ സ്വീകരിക്കും എന്നത് ലോകത്തിന്റെ തന്നെ കൗതുകമാണ്. പ്രക്ഷോഭത്തിന്റെ അലകൾ അടങ്ങി എങ്കിലും അതിന്റെ അശയങ്ങളും ആവശ്യങ്ങളും സമൂഹത്തിൽ സജീവമാണ്. ഇത് എത് തലത്തിൽ സ്വാംശീകരിക്കപ്പെടുകയും സംതൃപ്തമാക്കപ്പെടുകയും ചെയ്യുമെന്നത് പ്രധാനമാണ്.
29.5 ദശലക്ഷം ജനസംഖ്യയുള്ള നേപ്പാൾ മാനവ വികസന സൂചികയിൽ (2024) ആഗോളതലത്തിൽ 143-ാം സ്ഥാനത്താണ്. 2024-ൽ 15-24 വയസ്സ് പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 20.82 ശതമാനമായിരുന്നു, ജോലി തേടി പ്രതിദിനം 1,500-ലധികം യുവാക്കൾ രാജ്യം വിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2021-ൽ, നേപ്പാൾ സെൻസസ് പ്രകാരം ജനസംഖ്യയുടെ 7.1 ശതമാനം രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നു. അവരുടെ ശരാശരി പ്രായം 28 ആണെന്നും കണ്ടെത്തി. വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിലും ഇവരുടെ പങ്ക് നിസ്തുലമാണ്. 2023-ൽ, നേപ്പാളി തൊഴിലാളികൾ 11 ബില്യൺ യുഎസ് ഡോളര്‍ നാട്ടിലേക്ക് അയച്ചു. നേപ്പാളിന്റെ ജിഡിപിയുടെ ഏകദേശം 25 ശതമാനവും പണമയയ്ക്കലിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അപകടകരമായ ജോലികൾ ചെയ്യുന്നതിനാൽ നേപ്പാളി തൊഴിലാളികൾ മുന്നിലാണ്. 2018 മുതൽ 2019 വരെ 700-ലധികം തൊഴിലാളികൾ ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ മരിച്ചു.



