ഗോസോ ഫെറിക്ക് വേണ്ടിയുള്ള ടെൻഡറുകളിൽ പങ്കെടുക്കാൻ കപ്പലുകളില്ല

ഗോസോ ഫെറിക്ക് വേണ്ടി ഒരു പാസഞ്ചർ ഫെറി പാട്ടത്തിനെടുക്കുന്നതിനുള്ള ടെൻഡറുകളിൽ പങ്കെടുക്കാൻ കപ്പലുകളില്ല. പഴകിയ എംവി നിക്കോളാസ് കപ്പലിന് പകരമായിട്ടാണ് പാസഞ്ചർ ഫെറി പാട്ടത്തിനെടുക്കാൻ തീരുമാനമായത്. എന്നാൽ നിശ്ചിത തീയതിയായ ഏപ്രിൽ രണ്ടു കഴിഞ്ഞെങ്കിലും ഇതുവരെ ഒരു ബിഡുകൾ പോലും ലഭിച്ചിട്ടില്ല. 3.5 മില്യൺ യൂറോയുടെ മൂല്യമുള്ള ടെൻഡറാണ് ഫെബ്രുവരി 17 ന് പ്രസിദ്ധീകരിച്ചത്. കാർ ഡെക്കും യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളുമുള്ള ഒരു റോൾ-ഓൺ/റോൾ-ഓഫ് കപ്പലിനുവേണ്ടിയാണ് ബിഡ് നൽകിയത്. കഴിഞ്ഞ മാസം, ചിർകെവ്വയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ, സർക്കാർ ടെൻഡർ അട്ടിമറിക്കുകയാണെന്ന് പിഎൻ ആരോപിച്ചിരുന്നു, 1987-ൽ നിർമ്മിച്ച എംവി നിക്കോളാസ് എന്ന കപ്പലിന്റെ നിലവിലുള്ള പാട്ടക്കാലാവധി നീട്ടാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. മാൾട്ട ഷിപ്പ് ബിൽഡിംഗ് സൈറ്റിൽ പ്രത്യേകമായി നിർമ്മിച്ചതും 2000, 2001, 2002 വർഷങ്ങളിൽ സേവനത്തിൽ പ്രവേശിച്ചതുമായ ഗോസോ ചാനലിന്റെ സ്വന്തം മൂന്ന് കപ്പലുകളേക്കാൾ ഈ കപ്പൽ വളരെ പഴക്കമുള്ളതാണ്.