അന്തർദേശീയം

വെനസ്വേല വീണ്ടും ചുവന്നുതന്നെ , മഡൂറോക്ക് മൂന്നാമൂഴം

കരാക്കസ്‌ : വെനസ്വേല പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ്‌ മഡൂറോയ്ക്ക്‌ വീണ്ടും ജയം. 51 ശതമാനം വോട്ടാണ്‌ മഡൂറോ നേടിയത്‌. എതിർ സ്ഥാനാർഥിയും വലതുപക്ഷ നേതാവുമായ എഡ്മുണ്ടോ ഗോൺസാലസിനെയാണ്‌ മഡൂറോ തോൽപ്പിച്ചത്‌. ഗോൺസാലസിന് 44 ശതമാനം വോട്ടാണ്‌ നേടാൻ സാധിച്ചത്‌.

മൂന്നാം തവണയും ജനവിധി തേടിയ മഡൂറോക്ക്‌ തെരഞ്ഞെടുപ്പ്‌ സർവെകൾ വിജയം പ്രവചിച്ചിരുന്നു. ഞായർ രാവിലെ ആറുമുതൽ 12 മണിക്കൂറായിരുന്നു തെരഞ്ഞെടുപ്പ്‌. 2.1 കോടി വോട്ടർമാർക്കായി 15,767 പോളിങ്‌ ബൂത്തുകളാണ്‌ സജ്ജീകരിച്ചിരുന്നത്‌. തെരഞ്ഞെടുപ്പ്‌ സമാധാനപരമായിരുന്നു. ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടർന്ന്‌ അധികാരത്തിലെത്തിയ മഡൂറോ വീണ്ടും പ്രസിഡന്റാകുമെന്ന്‌ സർവേ റിപ്പോർട്ടുകൾ വന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അദ്ദേഹത്തിനെതിരെ അപകീർത്തി പ്രചാരണങ്ങൾ ശക്തമാക്കിയിരുന്നു. മഡൂറോ സ്വേച്ഛാധിപതിയെന്നും വലതുപക്ഷ നേതാവ്‌ ഗോൺസാലസിനെ ജനാധിപത്യ വാദിയെന്നും വിശേഷിപ്പിച്ചായിരുന്നു പ്രചാരണം. പ്രധാന പ്രതിപക്ഷപാർടികളെല്ലാം മഡൂറോക്കെതിരെ യോജിച്ച പോരാട്ടമായിരുന്നു നടത്തിയിരുന്നത്. 10 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുണ്ടായിരുന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button