ബ്രിട്ടനിലെ സർക്കാർ ആശുപത്രിയിൽ ഒറ്റമൂലി ചികിത്സ; ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി എൻഎച്ച്എസ്

യോർക്ക്ഷെയർ : കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസിന്റേതാണ് നടപടി. യോർക്ക്ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിലെ ഡയറ്റീഷ്യനായിരുന്ന അപർണ ശ്രീവാസ്തവയാണ് നടപടി നേരിട്ടത്. 91 വയസ് പ്രായമുള്ള പാർക്കിൻസൺസ് രോഗിയോട് എഫ്എം കേട്ടുകൊണ്ട് യോഗ പരിശീലിക്കാനാണ് അപർണ ശ്രീവാസ്തവ നിർദ്ദേശിച്ചത്. ഭക്ഷണം 32 തവണ ചവച്ച ശേഷം മാത്രം വിഴുങ്ങാനും ഇവർ രോഗികളോട് നിർദ്ദേശിച്ചിരുന്നു. ഒരു പ്രത്യേക സൂപ്പർമാർക്കറ്റിൽ നിന്നുള്ള സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കാനും ഇവർ രോഗികളോട് നിർദ്ദേശിച്ചിരുന്നു. കിഴക്കൻ യോർക്ക്ഷെയറിലെ ഹള്ളിലെ എൻഎച്ച്എസ് കേന്ദ്രത്തിലായിരുന്നു അപർണ ശ്രീവാസ്തവ ജോലി ചെയ്തിരുന്നത്.
ഇളം ചൂടുവെള്ളത്തിൽ നാരങ്ങ മുഴുവനായി പിഴിഞ്ഞ് കുടിക്കുന്നത് കാൻസറിന് കീമോ തെറാപ്പിയേക്കാൾ ഫലം ചെയ്യുമെന്നും ഇവർ രോഗികളോടും സഹപ്രവർത്തകരോടും പറഞ്ഞിരുന്നു. എല്ലാ ദിവസവും രാവിലെ മൂന്ന് സ്പൂൺ വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റി നിർത്തുമെന്നായിരുന്നു ഇവരുടെ വാദം. വിചിത്രമായ രീതിയിലുള്ള ഒറ്റമൂലി നിർദ്ദേശങ്ങൾ പതിവായതോടെ സഹപ്രവർത്തകരാണ് അപർണ ശ്രീവാസ്തവയേക്കുറിച്ച് പരാതി നൽകിയത്. പഞ്ചസാര ഇല്ലെങ്കിൽ കാൻസർ സ്വയം ഇല്ലാതാകും എന്നും അപർണ ശ്രീവാസ്തവ വിശദമാക്കിയിരുന്നു. പ്രത്യേക ബ്രാൻഡ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുകയാണ് അപർണയുടെ മറ്റൊരു ഒറ്റമൂലി.
ദിവസവും എട്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക, രാവിലെ നാരങ്ങാനീരും ഇഞ്ചിനീരും തേനിൽ ചേർത്ത് കുരുമുളകും കൂട്ടി വെള്ളം കുടിക്കുക, പച്ചക്കറികൾ മാത്രം കഴിക്കുക, യോഗയിലൂടെ കുണ്ഡലിനി ഊർജത്തെ ഉണർത്തിയാൽ ആരോഗ്യമുള്ളവരായി ജീവിക്കാം എന്നിങ്ങനെ പോകുന്നു അപർണാ ശ്രീവാസ്തവയുടെ ചികിത്സകൾ. സംഗീതവും എഫ്എമ്മും കേൾക്കുന്നത് രോഗികൾക്ക് ദോഷകരമല്ലെങ്കിലും അപർണയുടെ മറ്റ് നിർദേശങ്ങൾ രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെയാണ് അപർണയെ എൻഎച്ച്എസ് സസ്പെൻഡ് ചെയ്തത്. നടപടിക്ക് മുന്നോടിയായുള്ള തെളിവെടുപ്പിൽ വാട്ട്സ്ആപ്പിൽ ലഭിച്ച വിവരങ്ങളാണ് രോഗികളുമായി പങ്കുവച്ചതെന്നാണ് ഇവർ വിശദമാക്കിയത്.



