മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍ കൂടി എത്തുന്നു. 33 ലക്ഷം രൂപ വിലയുള്ള കിയ കാര്‍ണിവല്‍ ലിമോസിന്‍ പ്ലസ് 7 മോഡല്‍ ആണ് പുത്തന്‍ വാഹനം.
നിലവില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റക്ക് പകരക്കാരനായാണ് കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കിയ കാര്‍ണിവല്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം.
ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. ഈ വാഹനങ്ങളില്‍ രണ്ടെണ്ണം പൈലറ്റ്, എസ്കോര്‍ട്ട് കാറുകളായും ഒന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുമാണ് ഉപയോഗിക്കുന്നത്.
ഹാരിയറിന് പകരം കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവിയാണ് നിര്‍ദേശിച്ചത്. നേരത്തെ അനുവദിച്ചതിലെ ബാക്കി തുക കാര്‍ണിവല്‍ വാങ്ങാന്‍ തികയില്ല. അതിനാല്‍, പുതിയ കാര്‍ വാങ്ങാന്‍ 33.31 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പുതിയ വണ്ടികള്‍ക്കായി ഇതുവരെ അനുവദിച്ചത് 88.69 ലക്ഷം രൂപയാണ്.
മൂന്ന് പുതിയ ക്രിസ്റ്റകള്‍ വാങ്ങിയപ്പോള്‍ നേരത്തെ ഉപയോഗിച്ചിരുന്ന രണ്ട് ഇന്നോവ കാറുകള്‍ ആഭ്യന്തര വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലെ യാത്രയ്ക്ക് അധിക സുരക്ഷയെന്ന നിലയില്‍ പൈലറ്റായോ എസ്കോര്‍ട്ടായോ ഈ വാഹനങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.
എന്താണ് കിയ കാര്‍ണിവല്‍?
വര്‍ഷങ്ങളായി ടൊയോട്ട ഇന്നോവയെന്ന ഒരേയൊരു രാജാവ് അടക്കിവാണിരുന്ന എം.പി.വി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) ശ്രേണിയിയെ വിറപ്പിച്ചാണ് കാര്‍ണിവല്‍ എന്ന എതിരാളിയുമായി കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ എത്തിയത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ കാര്‍ണിവല്‍ കമ്ബനി വിപണിയിലെത്തിച്ചത്.ഏഴ്, എട്ട്, ഒമ്ബത് എന്നിങ്ങനെ മൂന്ന് സീറ്റിങ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ സി.ആര്‍.ഡി.ഐ ടര്‍ബോ ഡീസല്‍ എഞ്ചിന്‍, 440 എന്‍.എം ടോര്‍ക്കും 200 എച്ച്.പി കരുത്തും പകരുന്നു. വെളുപ്പ്, കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
ആഡംബരവും ആധുനിക സജ്ജീകരണങ്ങളും
ആഡംബരവും സവിശേഷതകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കാര്‍ണിവല്‍ പ്രിയങ്കമാവാന്‍ കാരണം. ഫീച്ചറുകളാല്‍ സമ്ബന്നമായ പ്രീമിയം എം.പി.വിയാണിത്. പവര്‍ സ്ലൈഡിങ് റിയര്‍ ഡോറുകളാണ് വാഹനത്തിന്‍റെ പ്രധാന പ്രത്യേകത.സ്മാര്‍ട്ഫോണ്‍ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഡിസ്പ്ലേ, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്‍, ഡ്യൂവല്‍ പാനല്‍ ഇലക്‌ട്രിക്ക് സണ്‍റൂഫ്, കിയയുടെ യു.വി.ഒ കണക്‌ട് ചെയ്ത കാര്‍ ടെക്, ഇലക്‌ട്രിക്ക് ടെയില്‍ഗേറ്റ് എന്നിങ്ങനെ നീളുന്നു പട്ടിക. ഡ്യൂവല്‍ ടോണ്‍ ബ്ലാക്ക്, ബെയ്ജ് എന്നിങ്ങനെ മൂന്ന് ഇന്റീരിയര്‍ കളര്‍ ഓപ്ഷനിലാണ് കിയ കാര്‍ണിവല്‍ എത്തുന്നത്.
ഇന്ത്യന്‍ നിരത്തുകളിലെ സുരക്ഷയുള്ള എം.പി.വി
സുരക്ഷയുടെ കാര്യത്തിലും കാര്‍ണിവല്‍ ഏറെ മുന്നിലാണ്. ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ചത്.കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ ഓപ്ഷനാണ് ഇടിപരീക്ഷയ്ക്ക് വിധേയമാക്കിയത്. വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസെസ്മെന്‍റിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മുന്‍ ഭാഗങ്ങള്‍, വശങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടായേക്കാവുന്ന ആഘാതങ്ങളില്‍ നിന്ന് കാര്‍ണിവല്‍, സുരക്ഷിത കവചം തീര്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഐ.എസ്.ഒ ഫിക്സ് ആങ്കറുകള്‍, ഹെഡ് പ്രൊട്ടക്റ്റിങ് എയര്‍ ബാഗുകള്‍, എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും സുരക്ഷക്ക് കരുത്തേകുന്നു.ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍, എഞ്ചിന്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സര്‍, എഞ്ചിന്‍ ചെക്ക് വാണിങ്, ഇലക്‌ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, കണ്‍സേണിങ് ബ്രേക്ക് കണ്‍ട്രോള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സ്‌പീഡ് സെന്‍സ് ചെയ്യാന്‍ കഴിയുന്ന ഓട്ടോ ഡോര്‍ ലോക്ക് എന്നിവയും സുരക്ഷ ഒരുക്കുന്നു.