‘ലോകത്തെ ആദ്യ 4×4 ടുവീലർ’, ജിംനിയുടെ അനിയൻ, ‘സ്‌ലിംനി’യെ അവതരിപ്പിച്ച് സുസുകിയുടെ കുസൃതി

കാൻബറ : സുസുകിയുടെ നിരയിലെ ഏറ്റവും കരുത്തുറ്റ വാഹനങ്ങളിലൊന്നാണ് ജിംനി. ജിംനിയുടെ സ്റ്റൈലും ഓഫ് റോഡ് ശേഷിയുമെല്ലാം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചതാണ്. ഇന്ത്യയിലെ ഗുരുഗ്രാമിലെ പ്ലാന്‍റിൽ നിർമിച്ചാണ് സുസുകി ജിംനിയെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്.
കഴിഞ്ഞ ദിവസം ആസ്ട്രേലിയയിൽ സുസുകി ഒരു അതിശയകരമായ പ്രഖ്യാനം നടത്തി, സമൂഹമാധ്യമങ്ങളിലൂടെ. ജിംനിയെ മാതൃകയാക്കി അതേ രൂപത്തിൽ ‘സ്‌ലിംനി’ എന്ന പേരിൽ ഇരുചക്രവാഹനം ഇറക്കുകയാണെന്നായിരുന്നു പ്രഖ്യാപനം. ഇതിന്‍റെ ചിത്രം കൂടി പങ്കുവെച്ചതോടെ പോസ്റ്റ് വൈറലായി.
‘സുസുകി സ്‌ലിംനിയെ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ലോകത്തെ ആദ്യ ഫോർവീൽ ഡ്രൈവ് ഇരുചക്രവാഹനമാണിത്. ഒതുക്കമുള്ളതും ശേഷിയേറിയതുമായ ഈ വാഹനം സുസുകി മോട്ടോർസൈക്കിൾസിന്‍റെയും സുസുകി ഓട്ടോമൊബൈൽസിന്‍റെയും ആദ്യ പങ്കാളിത്ത സംരംഭം കൂടിയാണ്. ജിംനിയുടെ അതേ രൂപത്തിൽ, അത്ര വീതിയില്ലാതെയാണ് സ്‌ലിംനി വരുന്നത്. എവിടെയൊക്കെ പോകണമെന്ന് ആഗ്രഹിക്കുന്നോ അതിലൂടെയൊക്കെ സ്‌ലിംനി പോകും. ഏത് ഇടനാഴിയിലൂടെയും’ -ഇതായിരുന്നു സുസുകിയുടെ പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ ജിംനി ആരാധകർ പലതരം ചർച്ചകളിലേക്ക് നീങ്ങി. പിന്നീട്, പോസ്റ്റിന് കീഴെ സുസുകി നൽകിയ ഹാഷ്ടാഗ് ശ്രദ്ധിച്ചതോടെയാണ് സംഭവം തെളിഞ്ഞത്. സുസുകിയുടെ ഒരു ഏപ്രിൽ ഫൂൾ കുസൃതിയായിരുന്നു അത്. സുസുകിയെ പോലെയൊരു വൻകിട നിർമാതാക്കളിൽ നിന്ന് ഇതുപോലൊരു കുസൃതി പ്രതീക്ഷിക്കാതിരുന്നതിനാൽ ഏപ്രിൽ ഫൂൾ പോസ്റ്റ് പലർക്കും കൗതുകമായി.
സുസുകി ഇത് ആദ്യമായല്ല ഏപ്രിൽ ഫൂളുമായി വരുന്നത്. കഴിഞ്ഞ വർഷം സുസുകി സൗത്ത് ആഫ്രിക്കയുടെ ഏപ്രിൽ ഫൂൾ തമാശ പക്ഷേ, പിടിവിട്ട് വേറെ ലെവലിലേക്ക് പോയിരുന്നു. അന്നും ജിംനിയെ വെച്ച് തന്നെയായിരുന്നു തമാശ. ‘ജിംനി ബാക്കീ’ എന്ന പേരിൽ ജിംനിക്ക് പിക്കപ്പ് ഇറക്കാൻ പോകുന്നുവെന്നായിരുന്നു കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിലെ പോസ്റ്റ്. പോസ്റ്റ് വൈറലാവുക മാത്രമല്ല, ആളുകൾ ബുക്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് ഡീലർമാരെ വിളിക്കാനും തുടങ്ങി. പിന്നാലെയാണ്, ഇതൊരു എപ്രിൽ ഫൂൾ പോസ്റ്റാണെന്ന് സുസുകി വെളിപ്പെടുത്തിയത്.
എന്നാൽ, ജിംനി ആരാധകർ അടങ്ങിയിരുന്നില്ല. ‘ജിംനി ബാക്കീ’ എന്ന വാഹനം യാഥാർഥ്യമാക്കിയാൽ സുസുകി നിരയിലെ ഏറ്റവും മികച്ച വാഹനമാകും അതെന്ന് പലരും കമന്‍റ് ചെയ്തു. പലരും വാങ്ങാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തു.
ആരാധകരേ ശാന്തരാകുവിൻ എന്ന് മറുപടി നൽകിയ സുസുകി, അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രതികരണം പരിഗണനയിലേക്കെടുക്കാമെന്ന വാഗ്ദാനവും നൽകി. എന്നാൽ, ‘ജിംനി ബാക്കീ’യെ കുറിച്ച് പിന്നീട് മറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായില്ല.