മാൾട്ടാ വാർത്തകൾ

വിദേശ തൊഴിലാളികൾക്കുള്ള പുതിയ മാൾട്ടീസ് തൊഴിൽ നയം ഈ വർഷമെന്ന് പ്രധാനമന്ത്രി

മാള്‍ട്ടയിലെ വിദേശ തൊഴിലാളികള്‍ക്കായി പുതിയ തൊഴില്‍ കുടിയേറ്റ നയം വരുമെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബെല. മാള്‍ട്ടീസ് സമ്പദ് വ്യവസ്ഥക്ക് അനുഗുണമാകുന്ന തരത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. മാള്‍ട്ടക്ക് അനുയോജ്യമായ മേഖലകളില്‍ മാത്രം വിദേശ തൊഴിലാളികള്‍ എന്ന നയസൂചന ചില മേഖലകളില്‍ സ്വദേശിവല്‍ക്കരണമോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ഊന്നലോ നല്‍കുമെന്ന സൂചനയാണ്.

ബജറ്റിനെ പരാമര്ശിക്കുമ്പോഴാണ് പുതിയ നയത്തെക്കുറിച്ച് അബേല സൂചിപ്പിച്ചത്. മാള്‍ട്ടക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ബജറ്റെന്നു സൂചിപ്പിച്ച അബേല ഫുഡ് കൊറിയര്‍മാര്‍ക്കും ക്യാബ് ഡ്രൈവര്‍മാര്‍ക്കും എതിരെ എടുത്ത നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് മാള്‍ട്ടീസ് പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് പ്രസംഗിച്ചത്. തൊഴില്‍ വിപണി പൂര്‍ണമാകുകയും ‘അനിയന്ത്രിതമായ’ വരവ് തുടരുകയും ചെയ്യുന്നതിനാലാണ് ഫുഡ് കൊറിയര്‍മാരായോ ക്യാബ് ഡ്രൈവര്‍മാരായോ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയത്.
‘ഞങ്ങളുടെ ആളുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ ഒരു പഠനം നടത്താന്‍ പോകുന്നു. യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള വിദേശ തൊഴിലാളികളെ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളൂ. ആവശ്യമുള്ളവര്‍ക്ക് വരാം, പക്ഷേ ആവശ്യമില്ലാത്തവര്‍ പ്രവേശിക്കില്ല.’ വര്‍ഷാവസാനത്തിന് മുമ്പ് തൊഴില്‍ കുടിയേറ്റ നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഈ ആഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയെക്കാള്‍ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ നയപരമായ മുന്‍ഗണനകള്‍ മാറ്റുകയാണെന്ന് അബേല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button