യുഎസിലെ വിദേശ വിദ്യാർഥികൾക്ക് പ്രതീക്ഷ; ഒപിടി പ്രോഗ്രാമിനായി പുതിയ ബില്ല് അവതരിപ്പിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർഥികൾക്ക് ആശ്രയമായിരുന്ന പോസ്റ്റ് – സ്റ്റഡി വർക്ക് ബെനഫിറ്റ് പ്രോഗ്രാം ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് ( ഒപിടി ) നിർത്തലാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഒപിടി പ്രോഗ്രാം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ബില്ല് അവതരിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ സാം ലിക്കാർഡോ, ജയ് ഒബർനോൾട്ട്, രാജ കൃഷ്ണമൂർത്തി എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്.അമേരിക്കയിലെ പഠനത്തിന് ശേഷം പ്രവൃത്തിപരിചയം ലഭിക്കാനായി ആയിരക്കണക്കിന് വിദേശ വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണ് ഒപിടി. ഇത് നിർത്തലാക്കാനോ പരിമിതപ്പെടുത്താനോ ഉള്ള നീക്കങ്ങൾ ഭരണകൂടം ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളെ ആശങ്കപ്പെടുത്തിയിരുന്നു. ഒപിടി പ്രോഗ്രാം അമേരിക്കൻ തൊഴിൽ വിപണിക്കും നികുതി ഘടനയ്ക്കും ദേശീയ സുരക്ഷയ്ക്കും അനുയോജ്യമാണോ എന്ന് പരിശോധിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനിടെ ആണ് ‘കീപ് ഇന്നൊവേറ്റേഴ്സ് ഇൻ അമേരിക്ക ആക്ട്’ എന്ന പേരിലാണ് പുതിയ ബില്ല് അവതരിപ്പിച്ചത്.
നിലവിൽ ഭരണപരമായ ഉത്തരവുകളിലൂടെ നിലനിൽക്കുന്ന ഒപിടി പദ്ധതിയെ ഒരു ഔദ്യോഗിക നിയമമാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് വിദേശ വിദ്യാർഥികളുടെ തൊഴിൽ സാധ്യതകളിൽ പെട്ടെന്നുള്ള ഇടിവ് സംഭവിക്കുന്നത് തടയാനാകുമെന്ന് ഇവർ കരുതുന്നു.
നിലവിലെ നിയമമനുസരിച്ച് എഫ്-1 വിസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനശേഷം ഒരു വർഷം വരെ അമേരിക്കയിൽ ജോലി ചെയ്യാൻ ഒപിടി അനുവദിക്കുന്നുണ്ട്. എന്നാൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങൾ പഠിക്കുന്നവർക്ക് രണ്ട് വർഷം കൂടി അധികമായി ഇതിൽ തുടരാൻ സാധിക്കും. ഈ സംവിധാനം പലപ്പോഴും എച്ച്-1ബി വിസയിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് ഇന്ത്യൻ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നത്.
പുതിയ ബില്ല് നിയമമാകുന്നതോടെ ഈ സംവിധാനത്തിന് സ്ഥിരമായ നിയമസാധുത ലഭിക്കും. അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ വിദേശ പ്രതിഭകൾക്കുള്ള പങ്ക് വലുതാണെന്നും അവർ പഠിച്ച വിദ്യ അമേരിക്കയിൽ തന്നെ പ്രയോജനപ്പെടുത്തുന്നത് രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുമെന്നും ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. ഏകദേശം മൂന്നര ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് നിലവിൽ അമേരിക്കയിൽ പഠിക്കുന്നതെന്നാണ് ഒരു സർവേ റിപ്പോർട്ട്. ഇതിൽ ഒന്നര ലക്ഷത്തോളം പേർ ഒപിടി സൗകര്യം ഉപയോഗപ്പെടുത്തി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
ബില്ല് നിയമമായി മാറുകയാണെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ അമേരിക്കയിലേക്ക് ആകർഷിക്കാൻ ഇത് കാരണമാകും. പ്രത്യേകിച്ചും സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന ഈ നീക്കം വലിയൊരു വഴിത്തിരിവായേക്കാം എന്നാണ് റിപ്പോർട്ട്.



