ലൈംഗിക പീഡന ആരോപണം : രാഹുല്‍ മാങ്കൂട്ടത്തിൻറെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത്

കൊച്ചി : ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത്. ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് ന്യൂസ് മലയാളം ചാനല്‍ പുറത്തു വിട്ടത്.
ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു.
‘എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’ എന്നും രാഹുല്‍ പറയുന്നു. എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു. നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.
‘എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ട്. ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.



