അന്തർദേശീയം

ഐസിസി അറസ്റ്റ് വാറണ്ട് : നെതന്യാഹു അമേരിക്കയിലേക്ക് പറന്നത് യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി

തെല്‍ അവിവ് : ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ഭയന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പറന്നത് യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി. ഗസ്സ കുറ്റകൃത്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നെതന്യാഹുവിന്റെ വിമാനം, ഫ്രഞ്ച് വ്യോമാതിർത്തി ഒഴിവാക്കിയാണ് അമേരിക്കയിലേക്ക് പറന്നത് എന്നാണ് ഐ24 ന്യൂസ് ചാനലിന്റെ നയതന്ത്ര ലേഖകനായ അമിച്ചായ് സ്റ്റീൻ പറയുന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റൊരു യൂറോപ്യൻ രാജ്യത്തിനും മുകളിലൂടെയും നെതന്യാഹുവിന്റെ വിമാനം കടന്നുപോയില്ലെന്ന് ലേഖകൻ പറയുന്നു. പിന്നാലെ നെതന്യാഹുവിന്റെ വിമാനത്തിന്റെ റൂട്ട് മാപ്പും അദ്ദേഹം പങ്കുവെച്ചു. ഫ്രഞ്ച്, സ്പാനിഷ് വ്യോമാതിർത്തി പൂർണ്ണമായും ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ നീക്കം.

സാധാരണയായി നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിമാനം മെഡിറ്ററേനിയൻ കടലിന്റെയും ജിബ്രാൾട്ടർ കടലിടുക്കിന്റെയും മുകളിലൂടെ പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകൾ പറയുന്നു.

തെല്‍ അവിവിനും പാരീസിനും ഇടയിലുള്ള നിലവിലെ സംഘർഷങ്ങളുടെ കൂടി പശ്ചാതലത്തിലാണ് നെതന്യാഹുവിന്റെ യുഎസിലേക്കുള്ള ‘വളഞ്ഞ വഴി’. 2024 നവംബറിലാണ് ഗസ്സ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റിനും എതിരെ ​ അന്താരാഷ്​ട്ര ക്രിമിനൽ കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്.

ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനും വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടി, വ്യാഴാഴ്ച പുലർച്ചെയാണ് നെതന്യാഹു അമേരിക്കയിലേക്ക് പറന്നത്. അതേസമയം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തെല്‍ അവിവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച നെതന്യാഹു വ്യക്തമാക്കിയിരുന്നു.

ഫ്രാൻസ്, യുകെ, കാനഡ, ആസ്ട്രേലിയ, ബെൽജിയം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഇതോടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചവരുടെ എണ്ണം 159 ആയി ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button