26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍

കാഠ്മണ്ഡു : വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി.
‘രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ നേതാപ്പള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയച്ചു. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്ലാറ്റ്ഫോമുകള്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിനായി ഏഴുദിവസത്തെ സമയവും അനുവദിച്ചു.ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി.
സുപ്രീംകോടതി നിര്‍ദ്ദേശത്തിനുസൃതമായി വ്യാഴാഴ്ച നടന്ന കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്, മറ്റ് ഉദ്യോഗസ്ഥര്‍, നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി, ടെലികോം ഓപ്പറേറ്റര്‍മാര്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇതു സംബന്ധിച്ച് ബന്ധപ്പെട്ട കമ്പനികള്‍ക്ക് മന്ത്രാലയം കത്തുകള്‍ നല്‍കാന്‍ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാള്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ശനമായ മേല്‍നോട്ടവും നിയന്ത്രണ നടപടികളും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചതിന് കാരണമെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.