തുടർച്ചയായി 160 കിലോമീറ്റർ നീന്തി ലോക റെക്കോഡിടാനുള്ള നീലിന്റെ ഉദ്യമം 80 കിലോമീറ്റർ പിന്നിട്ടു
നീന്തല്‍ താരം നീല്‍ അജിയസിന്റെ ലോകറെക്കോഡിനായുള്ള നീന്തല്‍ ശ്രമം പകുതിവഴി പിന്നിട്ടു. ഇന്നലെ ഉച്ചവരെ 80 കിലോമീറ്ററാണ് നീല്‍ നിര്‍ത്താതെ നീന്തിയത്. മാള്‍ട്ട, ഗോസോ, കോമിനോ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി 160 കിലോമീറ്റര്‍ നീന്തുക എന്നതാണ് നീലിന്റെ ലക്ഷ്യം. കഠിനമായ വെല്ലുവിളി പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രമം വിജയിക്കുകയാണെങ്കില്‍, അജിയസ് തന്റെ കൈവശമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്റ്റോപ്പ് അണ് അസിസ്റ്റഡ് ന്യൂട്രല്‍ സീ നീന്തല്‍
എന്ന നിലവിലെ ലോക റെക്കോര്‍ഡ് തകര്‍ക്കും. 2021ല്‍ ലിനോസയില് നിന്ന് മാള്‍ട്ടയിലേക്ക് 125.7 കിലോമീറ്റര്‍ നീന്തി ഗോസോയിലെ എക്സ്ലെന്ഡിയില് ഫിനിഷ് ചെയ്താണ് അദ്ദേഹം റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ സമാനമായ നീന്തല്‍ ശ്രമം നടത്തിയെങ്കിലും അത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. നിര്‍ണായകമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും മെഡിറ്ററേനിയന്‍ കടലിനെയും മാള്‍ട്ടയുടെ സമുദ്ര ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയെ
പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീലിന്റെ നീന്തല്‍.