ദേശീയം

ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം

ചെന്നൈ : കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് സംഘം ഇന്ന് കവരൈപേട്ടയിലെത്തി നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ സര്‍ക്യൂട്ട് ബോക്‌സ് മുന്‍പേ ഇളകിയതായി കണ്ടെത്തിയത്. സിഗ്നൽ ആൻഡ് ടെലിക്കോം, എഞ്ചിനീയറിങ് ആൻഡ് ഓപ്പറേഷൻ വിഭാഗം ഉദ്യോഗസ്ഥർ ആണ് എത്തിയത്. എഗ്മോർ ഡിഎസ്പി രമേഷ്, ചെന്നൈ സെൻഡ്രൽ ഡിഎസ്പി കർണൻ, സേലം റെയിൽവേ ഡിഎസ്പി പെരിയസ്വാമി എന്നിവരുടെ നേത്ൃത്വത്തിലാണ് കേസ് അന്വേഷിക്കുക.

ഇന്റര്‍ലോക്കിംഗ് സംവിധാനത്തേയും മറ്റ് സുരക്ഷാ സംവിധാനങ്ങളേയും അട്ടിമറിക്കാന്‍ നീക്കം നടന്നതായും റെയില്‍വേ അധികൃതര്‍ സംശയിക്കുന്നുണ്ട്. ഇന്ന് ഉച്ച മുതല്‍ വൈകീട്ട് വരെയാണ് പരിശോധനകള്‍ നടന്നത്. അട്ടിമറിയാണോ എന്ന സംശയത്തില്‍ എന്‍ഐഎ കൂടുതല്‍ പരിശോധനകള്‍ നടത്തും. അപകടത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ ആരംഭിച്ചിരുന്നു. ദക്ഷിണ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വേര്‍പെട്ട് പോയ ബോഗികള്‍ വൈകിട്ടോടെ ട്രാക്കില്‍ നിന്ന് മാറ്റാനാകുമെന്ന് ടിഎന്‍ഡിആര്‍എഫ് യൂണിറ്റ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. സിഗ്‌നല്‍ നല്‍കിയത് പോലെ മെയിന്‍ ലൈനിലേക്ക് തിരിയുന്നതിന് പകരം ദര്‍ഭാങ്ക ഭാഗ്മതി എക്‌സ്പ്രസ് ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ട്രെയിനിന്റെ 2 പാഴ്‌സല്‍ വാന്‍ തീപിടിക്കുകയും 13 കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു. അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ നാലുപേര്‍ക്ക് സാരമായ പരിക്കുണ്ട്. ലൂപ്പ് ലൈനിലൂടെ വരാന്‍ ഭാഗമതി എക്‌സ്പ്രസിന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചോ ഇല്ലയോ എന്ന് റെയില്‍വേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിഗ്‌നലിംഗ് സംവിധാനത്തില്‍ ഉണ്ടായ പിഴവാണോ അതോ പൈലറ്റിന്റെ അശ്രദ്ധ ആണോ അപകടകാരണം എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button