യുഎസ് സൈനികതാവളത്തിൽ ദുരൂഹമായ പാക്കറ്റ് തുറന്നതോടെ നിരവധിപേര്‍ക്ക് അസ്വാസ്ഥ്യം

വാഷിങ്ടണ്‍ ഡിസി : യുഎസ് സൈനികതാവളത്തിലേക്കെത്തിയ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധിപേര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മേരിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ജോയിന്റ് ബേസ് ആന്‍ഡ്രൂസ് സൈനികതാവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. പാക്കറ്റില്‍ വെളുത്തനിറത്തിലുള്ള പൊടിയാണുണ്ടായിരുന്നത് എന്നാണ് വിവരം.
സൈനികതാവളത്തിലെ, എയര്‍ നാഷണല്‍ ഗാര്‍ഡ് റെഡിനസ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയ്ക്കുള്ളില്‍ വെച്ച് ഒരാള്‍ ഈ പാക്കറ്റ് തുറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരവധിപേര്‍ അസുഖബാധിതരായത്. സംഭവത്തിന് പിന്നാലെ ഈ കെട്ടിടവും അതിന് തൊട്ടടുത്ത കെട്ടിടത്തിലുള്ളവരെയും ഒഴിപ്പിച്ചു. പ്രദേശത്ത് സുരക്ഷാവിന്യാസം ശക്തമാക്കിയിട്ടുമുണ്ട്. അസുഖബാധിതരായവരെ മാല്‍കോം ഗ്രോവ് മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനപ്പെട്ട യാത്രകള്‍ക്കായി യുഎസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കാബിറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പുറപ്പെടുന്നത് ജോയിന്റ് ബേസ് ആന്‍ഡ്രൂസ് സൈനികതാവളത്തില്നിന്നാണ്. ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ എത്തിയിരുന്നു.



