20 വര്‍ഷത്തിനുള്ളില്‍ ജോലികള്‍ മിക്കതും നിർമിതബുദ്ധി ഏറ്റെടുക്കും : മസ്‌ക്

വാഷിങ്ടൺ ഡിസി : ആളുകള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ ജോലിക്ക് പോകാതിരിക്കുന്ന ലോകത്തേക്കുള്ള ദൂരം വിദൂരമല്ലെന്ന് സ്‌പേസ് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക്. നിര്‍മിതബുദ്ധിയും റോബോട്ടുകളും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ ജോലികള്‍ മിക്കതും റോബോട്ടുകള്‍ ഏറ്റെടുക്കുന്ന സാഹചര്യം കടന്നുവരുമെന്നും മസ്‌ക് പറഞ്ഞു. സെറോദ സഹസ്ഥാപകനായ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാവിയില്‍ ജോലി തേടി ആളുകള്‍ക്ക് ഏതെങ്കിലും വലിയ നഗരങ്ങളില്‍ പോയി അലയേണ്ടി വരില്ല. വരുന്ന കാലത്ത് ജോലി എന്നത് ജീവിക്കാന്‍ അടിയന്തരമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കാം എന്ന അവസ്ഥയിലേക്ക് അത് മാറാം.’ മസ്‌ക് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജോലി സംബന്ധമായ സംസ്‌കാരങ്ങളെക്കുറിച്ചും സമയത്ത കുറിച്ചും സംസാരിക്കുന്നതിനിടെയാണ് അഭിപ്രായം. സമീപകാലത്ത് ഇന്ത്യയിലെ ചെറുപ്പക്കാര്‍ ആഴ്ചയില്‍ 70 മുതല്‍ 90 മണിക്കൂര്‍ വരെ ജോലിയെടുക്കണമെന്ന് ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തി പറഞ്ഞിരുന്നു. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ ജോലി ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയുള്ളൂ എന്നും നാരായണമൂര്‍ത്തി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒരാള്‍ എത്ര സമയം ജോലിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാണെന്നാണ് മസ്‌കിന്റെ പക്ഷം. ഓഫീസില്‍ പോയി ഇരുന്നുകൊണ്ടുള്ള ജോലി അധികകാലമൊന്നും കാണുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആള്‍ക്കൂട്ടത്തിനിടയില്‍ ജോലി ചെയ്യാനാണ് ചിലര്‍ക്കിഷ്ടം. മറ്റുപലര്‍ക്കും തിരിച്ചും. അത് തികച്ചും അവരുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍, ഭാവിയില്‍, ഏതെങ്കിലും ജോലി ചെയ്യുന്നതിനായി നിങ്ങളൊരു നഗരത്തില്‍ സ്ഥിരതാമസമാക്കേണ്ട സാഹചര്യമൊന്നും ഉണ്ടാകില്ല. കാരണം, അത് നിങ്ങളുടെ ജോലിയാണെന്നുണ്ടെങ്കില്‍ അതിന്റെ സ്വഭാവവും നിശ്ചയിക്കേണ്ടത് നിങ്ങള്‍ തന്നെ’. മസ്‌ക് പറഞ്ഞു.
‘നിങ്ങള്‍ക്ക് പുതിയ സംരംഭം വല്ലതും തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വളരെയധികം വെല്ലുവിളിതകള്‍ നിങ്ങള്‍ നേരിടേണ്ടിവരും. മണിക്കൂറുകളോളം അതിനായി സമയം ചിലവഴിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ മാത്രമേ ഇത് നടപ്പാകുകയുള്ളൂ.’
‘ഇനിയുള്ള കാലം ജീവിക്കണമെങ്കില്‍ നിര്‍ബന്ധമായും എന്തെങ്കിലും ജോലി ചെയ്യണമെന്ന ആളുകളുടെ മനോഭാവം മാറും. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അത് സംഭവിച്ചെന്നുവരാം’.മസ്‌ക് കൂട്ടിച്ചേര്‍ത്തു.



