ടെസ്ലയുടെ ലാഭത്തിൽ വൻ ഇടിവ്; ‘ഡോജി’ലെ പ്രവർത്തനം കുറയ്ക്കാൻ മസ്ക്

വാഷിങ്ടൻ ഡിസി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ കാര്യക്ഷമതവർധിപ്പിക്കാൻ രൂപികരിച്ച ‘ഡോജ്’ ലെ പ്രവർത്തനസമയം കുറയ്ക്കാനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്ക്. തന്റെ കമ്പനിയായ ടെസ്ലയുടെ ലാഭത്തിൽ വൻ ഇടിവു രേഖപ്പെടുത്തിയതോടെയാണ് ഡോജിലെ പ്രവർത്തനം കുറയ്ക്കാൻ ഇലോൺ മസ്ക് തീരുമാനിച്ചത്. പ്രഖ്യാപനത്തിനു പിന്നാലെ ടെസ്ലയുടെ ഓഹരികളിൽ മുന്നേറ്റമുണ്ടായി. ഈ വർഷമാണ് കമ്പനിയുടെ ലാഭത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. 71 ശതമാനം ഇടിവാണ് റിപ്പോർട്ടു ചെയ്തത്.
അടുത്ത മാസം മുതൽ ‘ഡോജി’നുവേണ്ടി ചെലവഴിക്കുന്ന സമയം കുറയ്ക്കുകയാണെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഡോജിനായി ചെലവഴിക്കൂ എന്നും മസ്ക് അറിയിച്ചു. ടെസ്ലയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് പുതിയ തീരുമാനമെന്നും മസ്ക് വ്യക്തമാക്കി. മസ്കിന്റെ പല രാഷ്ട്രീയ നിലപാടുകളും ലോകവ്യാപകമായി വിമർശനത്തിനിടയാക്കിയിരുന്നു. മസ്കിന്റെ നടപടികളിലുള്ള രോഷം ടെസ്ലയോടാണ് പലരും തീർത്തത്. യുഎസിൽ അവസാനം നടന്ന ‘50501’ പ്രതിഷേധം ഉൾപ്പെടെയുള്ള പല പ്രതിഷേധങ്ങളുടെയും ഭാഗമായി ടെസ്ല ഷോറൂമുകൾക്കു മുമ്പിൽ ജനങ്ങൾ പ്രകടനം നടത്തിയിരുന്നു. ഇതെല്ലാം കമ്പനിയുടെ മൂല്യത്തിൽ ഇടിവു വരുത്തി എന്നാണ് വിലയിരുത്തൽ. ഇതേ തുടർന്ന് പല പ്രമുഖരും ടെസ്ല കാറുകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
കൂടാതെ ട്രംപിന്റെ പകരച്ചുങ്കവും മസ്കിന്റെ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചൈനയ്ക്കു മുകളിൽ ഏർപ്പെടുത്തിയ വലിയ ഇറക്കുമതി തീരുവ ടെസ്ലയ്ക്കാവശ്യമായ പല ഘടകങ്ങളുടെയും ഇറക്കുമതിയെ ബാധിച്ചു. ചൈന യുഎസ് ഉൽപന്നങ്ങൾക്കു മുകളിലുള്ള തീരുവ വർധിപ്പിച്ചതും ഇലോൺ മസ്കിനെ പ്രതികൂലമായി ബാധിച്ചു. ടെസ്ലയുടെ പുതിയ രണ്ടു മോഡൽ കാറുകളുടെയും ചൈനയിലേക്കുള്ള കയറ്റുമതി താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതുമൂലം ഈ വർഷം ഇതുവരെ മാത്രം ടെസ്ലയുടെ വരുമാനത്തിൽ ഒമ്പതുശതമാനം കുറവുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഡോജിലെ പ്രവർത്തനസമയം കുറച്ച്, കമ്പനിയുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ മസ്ക് തീരുമാനിച്ചത്.