അന്തർദേശീയം

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

വാഷിങ്ടൺ ഡിസി : പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്​ല മേധാവി ഇലോൺ മസ്ക്. അമേരിക്ക പാർട്ടിയെന്നാണ് രാഷ്ട്രീയ പാർട്ടിക്ക് മസ്‌ക് പേരിട്ടത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് മസ്കിന്റെ പുതിയ നീക്കം.

പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ബിൽ സെനറ്റ് പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും, ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ട് ഇലോൺ മസ്ക് അഭിപ്രായ സർവേ കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. ജനാധിപത്യത്തിൽ അല്ല, ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആ​ഗ്രഹിക്കുന്നുവെന്ന് മസ്ക് കുറിപ്പിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button