കേരളം

വയനാട് ദുരന്തം; കേന്ദ്രത്തിന്റെ നിലപാട് മനുഷ്യത്വരഹിതം, ആവശ്യപ്പെട്ടത്‌ ഉപാധികൾ ഇല്ലാത്ത ധനസഹായം : മന്ത്രി കെ.രാജൻ

തൃ​ശൂർ : മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു​വെന്ന് മന്ത്രി കെ.രാജൻ. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്, ആ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേരളം ആവശ്യപ്പെടുന്നത് ഉപാധികൾ ഇല്ലാത്ത ധനസഹായമാണ്. എന്നാൽ അതിനുപകരം ലോൺ തരാമെന്ന് പറയുക മാത്രമല്ല , അതിന് ഇറക്കിയിരിക്കുന്ന നിബന്ധനകൾ നമ്മെ പേടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റിൽ ഒരു വാക്ക് പോലും മുണ്ടക്കൈയെ പറ്റി പരാമർശിച്ചിട്ടില്ല. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചയെ മതിയാകൂ എന്ന് വാശിയോടെ പറയുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 530.50 കോടി വായ്പാ സഹായം പാഴാകാതിരിക്കാൻ തിരക്കിട്ട നീക്കങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല സെക്രട്ടറിമാരുടെ യോഗം ഉടൻ ചേരും. മാർച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നൽകണമെന്ന കേന്ദ്ര നിർദേശമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ചില പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. പ്രായോഗിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് ആലോചനകളിൽ സർക്കാർ തലത്തിൽ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഉന്നത യോഗങ്ങൾ ചേരും. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച ചേർത്ത ശേഷം ധന, റവന്യു, പൊതുമരാമത്തടക്കം 16 പദ്ധതികളുടെ ഭാഗമായ മുഴുവൻ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ കർമ്മ പദ്ധതിക്ക് രൂപം നൽകും. നടപടി പ്രക്രിയകൾ വേഗത്തിൽ പൂർത്തീകരിച്ച് ഭരണാനുമതി നൽകി പരമാവധി പണം ചിലവഴിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും. എന്നിരുന്നാലും, മാർച്ച് 31ന് നടത്തിപ്പുകൾ പൂർണമാവില്ലെന്നും അക്കാര്യം കേന്ദ്ര സർക്കാരിനെ ബോധ്യപെടുത്താമെന്നുമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് മൂലധന നിക്ഷേപങ്ങൾക്കായി അനുമതിക്കുന്ന വായ്പയാണ് കേന്ദ്ര സർക്കാർ വയനാട് പുനരധിവാസത്തിന് അനുവദിച്ചത്. പ്രത്യേക ഗ്രാൻഡ് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button