മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും കനേഡിയൻ വ്യവസായിയായ പാക് വംശജൻ റാണയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിക്കുക. ഇന്ത്യയിലെത്തുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകും. എൻഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും. റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ എത്തുന്ന റാണയെ തിഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
റാണയ്ക്കെതിരെയുള്ള ദേശിയ അന്വേഷണ ഏജൻസിയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്നു വർഷത്തെക്കാണ് നിയമനം.ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസ്സങ്ങൾ പൂർണമായി നീങ്ങിയത്. എൻഐഎയിലെയും സിബിഐയിലെയും ആറംഗസംഘം കഴിഞ്ഞ ഫെബ്രുവരി മുതൽ യുഎസിലുണ്ട്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.
പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദർശിക്കാൻ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചുനൽകിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഡൽഹിയിലെത്തിക്കുന്ന റാണയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേൽനോട്ടത്തിൽ എൻഐഎ ചോദ്യം ചെയ്യും.