കേരളം

മുല്ലപ്പെരിയാറിൽ സുപ്രിം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ പരിശോധന ഇന്ന് തുടങ്ങും

മുല്ലപ്പെരിയാർ അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ട സമിതി നടത്തുന്ന പരിശോധന ഇന്ന് തുടങ്ങും. രണ്ട് ദിവസങ്ങളിലായാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം. 2023 മാർച്ചിലാണ് സമിതി അവസാനമായി പരിശോധന നടത്തിയത്. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ കശ്യപ് അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നുള്ള ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്,ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. നിലവിലുള്ള അണക്കെട്ട് നിലനിർത്തിക്കൊണ്ട് പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി സമിതിയെ ബോധ്യപ്പെടുത്താനാകും കേരളത്തിന്‍റെ ശ്രമം. ഇതിനെതിരെ തമിഴ്നാട് പ്രതിനിധികൾ സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനായി പഠനം നടത്താനുള്ള കേരളത്തിൻ്റെ നിർദേശം കേന്ദ്ര സർക്കാർ ചർച്ച ചെയ്യാൻ പരിഗണിച്ചതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചിരുന്നു. സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണ് ഈ നീക്കമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2018-ൽ പുതിയ അണക്കെട്ടിനായി പാരിസ്ഥിതികാഘാത പഠനത്തിനുള്ള പരിഗണനാ വിഷയമായി കേരള സർക്കാർ അനുമതി നേടാൻ ശ്രമിച്ചപ്പോൾ തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഏത് നടപടിക്കും കോടതിയുടെ അനുമതി വേണമെന്നാണ് ഉത്തരവ്. അതിനാൽ, കേരളത്തിന്റെ പുതിയ നടപടി സുപ്രിംകോടതി ഉത്തരവിനെ അവഹേളിക്കുന്നതാണെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള വിശദ പദ്ധതി രേഖ ഒരുമാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമാണെങ്കിൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

മുല്ലപ്പെരിയാർ ഡാമിന്റെ 366 മീറ്റർ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥാലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button