മുഹമ്മദ് സലീം സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി

കൊൽക്കത്ത : സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 67കാരനായ മുഹമ്മദ് സലിം രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്.
മുഹമ്മദ് സലിം 2015 മുതൽ പാർട്ടി പൊളിറ്റ്‌ബ്യൂറോ അംഗമാണ്. 1990 മുതൽ രണ്ട് തവണ രാജ്യസഭാംഗമായി. 2001–2004 കാലത്ത് ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച് ലോക്‌സഭാംഗമായിട്ടുണ്ട്.
വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 1998 മുതൽ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗമാണ്. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് സലിം മികച്ച പ്രഭാഷകനുമാണ്.
80 അംഗ സംസ്ഥാന കമ്മിറ്റിയെയും ഹുഗ്ലി ജില്ലയിലെ ദാങ്കുണിയിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ 14 പേർ വനിതകളാണ്. 11 പുതുമുഖങ്ങളും സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചിട്ടുണ്ട്.