ബഹാമാസിൽ കപ്പലിൽ നിന്നും കടലിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ പിന്നാലെ ചാടി

ബഹാമാസ് : മകളെ മരണമുഖത്തുനിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കടലിലേക്ക് ചാടിയ അമ്മയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ദിക്കപ്പെടുന്നത്. ബഹാമാസിലെ ഗ്രാൻഡ് ബഹാമ ദ്വീപിലുള്ള സെലിബ്രേഷൻ കീയിലാണ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ഈ സംഭവം നടന്നത്. കൈയിൽ നിന്നും വഴുതി നാല് വയസ്സുകാരിയായ മകൾ ക്രൂയിസ് കപ്പലിനും ഡോക്കിനും ഇടയിലുള്ള ആഴക്കടലിലേക്ക് വീണു. മടിച്ചുനിൽക്കാതെ ആ അമ്മ പിന്നാലെ എടുത്തുചാടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
‘കാർണിവൽ സൺറൈസ്’ എന്ന കൂറ്റൻ കപ്പൽ ഡോക്കിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു അപകടം. കപ്പലിന്റെ വശവും കോൺക്രീറ്റ് പ്ലാറ്റ്‌ഫോമും തമ്മിലുള്ള ഇടുങ്ങിയ വിടവിലേക്കാണ് കുഞ്ഞ് വീണത്. അപകടം കണ്ടുനിന്നവർ നിലവിളിച്ചപ്പോഴേക്കും കുഞ്ഞിനെ രക്ഷിക്കാൻ അമ്മ കടലിലേക്ക് ചാടി. സമീപത്ത് നിർത്തിയിട്ടിരുന്ന ‘കാർണിവൽ കോൺക്വസ്റ്റ്’ എന്ന കപ്പലിലെ യാത്രക്കാരിയായ ചെൽസ്പിയേഴ്‌സ് ആണ് സംഭവചത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.
അപകടം നടന്ന ഉടൻ തന്നെ കപ്പൽ ജീവനക്കാരും ഡോക്ക് തൊഴിലാളികളും മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചു. വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനുമായി അവർ ലൈഫ് റിംഗുകൾ എറിഞ്ഞുകൊടുത്തു. കപ്പലിലെ യാത്രക്കാരും ജീവനക്കാരും നോക്കിനിൽക്കെ, മിനിറ്റുകൾക്കുള്ളിൽ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി കരയ്ക്ക് കയറ്റി. മാതൃസ്നേഹത്തിന്റെ കരുത്തും ജീവനക്കാരുടെ അവസരോചിതമായ ഇടപെടലും ഒത്തുചേർന്നപ്പോൾ വലിയൊരു ദുരന്തമാണ് ഒഴിവായത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.



