മാൾട്ടീസ് വിമാനത്താവളത്തിൽ നിന്നും ചാടിപ്പോയ മൊറോക്കക്കാരുടെ വിവരങ്ങൾ പുറത്ത്
രോഗിയാണെന്ന് കരുതപ്പെടുന്ന യാത്രക്കാരനെ ഇറക്കാനുള്ള ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കെ, നാലുപേർ വിമാനത്തിൻ്റെ പിൻവാതിൽ തുറന്ന്, ഏപ്രണിലേക്ക് ചാടി, വിമാനത്താവളത്തിൻ്റെ ചുറ്റുമതിലിനു മുകളിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ മണിക്കൂറുകൾക്ക് ശേഷം പിടികൂടി രോഗബാധിതനെന്ന് പരാതിപ്പെട്ട വ്യക്തിക്കൊപ്പം സ്വന്തം നാട്ടിലേക്ക് മടക്കിയയച്ചു.
എന്നാൽ ശേഷിക്കുന്ന രണ്ടുപേരായ എൽ സെല്ലയ്ക്കും ലാസാറിനും വേണ്ടിയുള്ള തിരച്ചിൽ ഇതുവരെ വിജയിച്ചിട്ടില്ല. ഇരുവരുടെയും ചിത്രങ്ങൾ പോലീസ് പുറത്തുവിടുകയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മാൾട്ടയിലെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിൽ നിന്ന് രാജ്യത്തേക്ക് കടക്കാനുള്ള ശ്രമം സമീപ വർഷങ്ങളിൽ രണ്ടാമത്തേതാണ്. 2023 നവംബറിൽ മറ്റൊരു ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ എയർപോർട്ട് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. 2021-ൽ, മല്ലോർക്കയിലും 2022 ൽ ബാഴ്സലോണയിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. പരമ്പരാഗത മൈഗ്രേഷൻ റൂട്ടുകൾ കൂടുതൽ സുരക്ഷാ പൂർണമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഷെഞ്ചൻ പ്രദേശത്തേക്ക് കടക്കാനുള്ള സമാന ശ്രമങ്ങൾ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ടെന്ന് മൈഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.