എപ്സ്റ്റീൻ ഫയൽസിലെ കൂടുതൽ രേഖകൾ പുറത്ത്

വാഷിങ്ടൺ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന കൂടുതൽ അന്വേഷണ രേഖകൾ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്. 30 ലക്ഷം പേജുകൾ, 1.80 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോകൾ എന്നിവയാണ് വെള്ളിയാഴ്ച പരസ്യപ്പെടുത്തിയത്.
ആദ്യ പുറത്തു വന്ന രേഖകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ചിത്രങ്ങളുണ്ടായിരുന്നു. എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവർസൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടാനാണ് കമ്മിറ്റിയുടെ നീക്കമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളിലെ 16 എണ്ണം വെബ്സൈറ്റിൽ നിന്ന് കാണാതായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഫയലുകളാണ് യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷമായത്. ഫയലുകൾ നീക്കം ചെയ്തതിന്റെ കാരണമെന്താണെന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്നത് ദീർഘകാലമായുള്ള ആവശ്യത്തിന് പിന്നാലെയാണ് ഫയലുകൾ പരസ്യമായി പുറത്തുവിടാൻ നീതിന്യായ വകുപ്പിന് യുഎസ് കോടതി അനുമതി നൽകിയത്. നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസുകൾ. മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.



