മാൾട്ടയിലെ പ്രതിമാസ അടിസ്ഥാന വേതനം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചുവെന്ന് സർവേ
2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാള്‍ട്ടീസ് തൊഴിലാളികള്‍ € 1,942 ശരാശരി അടിസ്ഥാന പ്രതിമാസ ശമ്പളം നേടിയെന്ന് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ € 1,820 ആയിരുന്നു ശരാശരി അടിസ്ഥാന പ്രതിമാസ ശമ്പളം. പ്രാഥമിക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശരാശരി €1,280 മുതല്‍ മാനേജര്‍മാര്‍ക്ക് €3,162 വരെയാണ് ശമ്പളം.
പുരുഷ തൊഴിലാളികള്‍ സ്ത്രീ തൊഴിലാളികളേക്കാള്‍ ശരാശരി 129 യൂറോ കൂടുതലാണ് സമ്പാദിക്കുന്നതെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ഈ പൊരുത്തക്കേടിന്റെ ഒരു പ്രധാന കാരണം പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളുടെ ഉയര്‍ന്ന ശതമാനമാണ്. സര്‍വേ കാണിക്കുന്നത് 18.3% സ്ത്രീകളാണ് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നത്, പുരുഷന്മാരിലിത് 6.6% ആണ്.
പാര്‍ട്ട് ടൈം ജോലികളെ ആശ്രയിക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 35,726 ആണ്, അതില്‍ 23,246 പേര്‍ സ്ത്രീകളാണ്.
മുഴുവന്‍ സമയ ജീവനക്കാരില്‍ സ്ത്രീപുരുഷ ജീവനക്കാര്‍ തമ്മില്‍ ശമ്പള അന്തരമുണ്ട്. ഈ അന്തരം സൂചിപ്പിക്കുന്നത് ഒരേ ജോലിക്ക് സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നു എന്നാണ്. പുരുഷ മാനേജര്‍മാര്‍ പ്രതിമാസം € 3,226 സമ്പാദിക്കുമ്പോള്‍ സമാനറോളിലുള്ള സ്ത്രീകള്‍ 3,068 യൂറോയാണ് നേടുന്നത്. അതായത് പ്രതിമാസം € 158 കുറവ്.പ്രൊഫഷണല്‍ റോളുകളിലുള്ള സ്ത്രീകള്‍ തങ്ങളുടെ പുരുഷ എതിരാളികളേക്കാള്‍ €146 കുറവ് വരുമാനം നേടുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
എലിമെന്ററി ജോലികളില്‍, പാര്‍ട്ട്‌ടൈമര്‍മാര്‍ കൂടുതലുള്ള മേഖലകളില്‍, സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 158 യൂറോ കുറവാണ് വരുമാനം. പുരുഷന്മാരേക്കാള്‍ 239 യൂറോ കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്ത സേവന, വില്‍പ്പന മേഖലയിലാണ് ഏറ്റവും വലിയ വ്യത്യാസം കണ്ടെത്തിയത്.സെക്ടര്‍ തിരിച്ചുള്ള കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ശമ്പളം ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് മേഖലയിലാണ്, അവിടെ തൊഴിലാളികള്‍ പ്രതിമാസം ശരാശരി 2,673 യൂറോ സമ്പാദിക്കുന്നു. ഈ മേഖലയില്‍, പുരുഷന്മാര്‍ അവരുടെ സ്ത്രീകളേക്കാള്‍ 257 യൂറോ കൂടുതല്‍ സമ്പാദിച്ചു.
നേരെമറിച്ച്, പൊതുഭരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നിവയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശമ്പള വ്യത്യാസം വെറും €65 മാത്രമായിരുന്നു.