ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ

ന്യൂഡൽഹി : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
അംഗീകാരത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. പുരസ്കാരം സിനിമാ മേഖലയ്ക്ക് ആകെയുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്റെ ഹൃദയസ്പന്ദനമാണ് സിനിമ എന്നും മോഹൻലാൽ പറഞ്ഞു. പുരസ്കാരത്തിനർഹനായ മോഹൻലാലിനെ രാഷ്ട്രപതിയും അഭിനന്ദിച്ചു.
മോഹൻലാലിനെ ‘റിയൽ ഒജി’ എന്നു വിശേഷിപ്പിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലാണ് മന്ത്രിയുടെ പരാമർശം. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. ‘താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്’ എന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. മന്ത്രിയുടെ മലയാളത്തിലുള്ള പരാമർശത്തെ നിറ പുഞ്ചിരിയോടെയാണ് മോഹൻലാൽ സ്വീകരിച്ചത്.
‘ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്. യഥാർഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം! ഈ ശബ്ദമൊന്നും പോരാ… വലിയ ആരവങ്ങളോടെ കയ്യടി നൽകണം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.’ – മന്ത്രി പറഞ്ഞു.