വയനാട് ഉരുൾപൊട്ടൽ : അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാ വീട് പൂർത്തിയാകുന്നു

തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകളില്‍ 1,662 പേര്‍ക്കാണ് തണലൊരുങ്ങുന്നത്. മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട് 5 മാസം കഴിയുമ്പോള്‍ മാതൃകാ വീടിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. പെയിന്‍റിങ് നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കില്‍ ഈ മാസം പണി പൂത്തിയാകും.
5 സോണുകളിലായി നിർമിക്കുന്ന 410 വീടുകളില്‍ ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 എന്നിങ്ങനെയാണ് വീടുകളുണ്ടാവുക. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്‍റെ ഭാഗമാണ്.
പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്‍ററുകള്‍ എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധനാ- വാക്സിനേഷന്‍- ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടിപര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്യൂണിറ്റി സെന്‍ററില്‍ നിർമിക്കും.
ഏപ്രില്‍ 11ന് കല്‍പ്പറ്റ വില്ലെജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുത്തതിന്‍റെ തൊട്ടടുത്ത ദിവസം വീട് നിര്‍മാണം ആരംഭിച്ചിരുന്നു. 64.4705 ഹെക്റ്റര്‍ ഭൂമിക്ക് 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്‍റെ അക്കൗണ്ടില്‍ കെട്ടിവച്ചാണ് ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ആദ്യം കെട്ടിവച്ചു. എന്നാല്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി കൂടി കെട്ടിവച്ചു.
ദുരന്തത്തില്‍ മരണപ്പെട്ട 298 പേരില്‍ 220 പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്ന് 6 ലക്ഷം വീതം 13.21 കോടി രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1,036 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം 1.03 കോടി രൂപ നല്‍കി. അതിജീവിതര്‍ക്ക് താത്ക്കാലിക ജീവനോപാധിയായി 11,087 ഗുണഭോക്താക്കള്‍ക്ക് 6 ഘട്ടങ്ങളിലായി നല്‍കിയത് 10.09 കോടി രൂപ.
ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ 10 പേര്‍ക്ക് 5,54,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായ 27 പേര്‍ക്ക് 17.82 ലക്ഷം രൂപയും അടിയന്തര സഹായമായി നല്‍കി. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് ഒരു കുടുംബത്തിലെ മുതിര്‍ന്ന രണ്ടു വ്യക്തികള്‍ക്ക് ദിവസം 300 രൂപ പ്രകാരം 18,000 രൂപ വീതം നല്‍കുന്നുണ്ട്.
താത്കാലിക പുനരധിവാസ സംവിധാനത്തിന്‍റെ ഭാഗമായി 2024 ഓഗസ്റ്റ് മുതല്‍ 2025 ജൂണ്‍ വരെ വാടക ഇനത്തില്‍ 4.3 കോടി രൂപ നല്‍കി. 795 കുടുംബങ്ങള്‍ക്കാണ് താത്ക്കാലിക പുനരധിവാസം ഒരുക്കിയത്.