ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം

കൊൽക്കത്ത : ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കുശേഷം കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
അഫ്ഗാനിസ്താനിൽ വൻ ഭൂചലനമുണ്ടായതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അഫ്ഗാനിസ്താനിലും കൊൽക്കത്തയിലും ഭൂചനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം ധാക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ നർസിങ്ദിയിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ധാക്കയിലെ ഭൂകമ്പത്തിന് പിന്നാലെയാണ് കൊൽക്കത്തയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ, ദക്ഷിൻ, ഉത്തര ദിനാജ്പൂർ അടക്കമുള്ള സ്ഥലങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്.
പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. കൊൽക്കത്തയിലെ പ്രകമ്പനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ആളുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുവാഹത്തി, അഗർത്തല, ഷില്ലോങ് എന്നീ പട്ടണങ്ങളിലെ നിരവധി വീടുകളും പ്രകമ്പനത്തിൽ കുലുങ്ങി.
അതേസമയം നവംബർ 3ന് വടക്കൻ അഫ്ഗാനിസ്താനിലെ മസാർ-ഇ-ഷെരീഫ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



