പശ്ചിമേഷ്യൻ പ്രതിസന്ധി; പുടിനുമായി കൂടിക്കാഴ്ച നടത്തി അലി ഖാംനഈയുടെ ഉപദേഷ്ടാവ്

മോസ്കോ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന പ്രതിസന്ധിയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ പ്രധാനമായിരുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ആണവ പദ്ധതിയെക്കുറിച്ചുള്ള ഇറാന്റെ വിലയിരുത്തലുകളും അലി ലാരിജാനി പുടിനുമായി പങ്കുവെച്ചതായി പെസ്‌കോവ് പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സ്ഥിരപ്പെടുത്തുന്നതിനും ഇറാന്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനും റഷ്യയുടെ നിലപാട് പുടിൻ ആവർത്തിച്ചു.
ഈ കൂടിക്കാഴ്ച റഷ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തമായി തുടരുന്നതിന്റെ സൂചനയാണ്. ഇറാനും യൂറോപ്യൻ രാജ്യങ്ങളായ യുകെ, ഫ്രാൻസ്, ജർമനിയും തമ്മിൽ ആണവ ചർച്ചകൾ പുനരാരംഭിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ടെന്ന് ഇറാൻ മാധ്യമം തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 22-ന് യുഎസ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് ശേഷം ജൂൺ 23-ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി പുടിൻ നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം ലഘൂകരിക്കാൻ റഷ്യയുടെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
റഷ്യയും ഇറാനും 2024-ൽ ഒപ്പുവെച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്ത ഉടമ്പടി, സുരക്ഷ, വ്യാപാരം, ഗതാഗതം, ഊർജം, ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉറപ്പ് നൽകുന്നു.