എഐ ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ഇസ്രായേലിന് വിറ്റിരുന്നു; ഗസ്സക്കാർക്കെതിരെ ഉപയോഗിച്ചതിന് തെളിവില്ല : മൈക്രോസോഫ്റ്റ്

വാഷിങ്ടൺ ഡിസി : ഗസ്സയിൽ ആക്രമണം നടത്തുന്ന സമയത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ഇസ്രായേലിന് വിറ്റിരുന്നെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ്. എന്നാൽ, ഇവ ഗസ്സയിലെ ആളുകളെ ലക്ഷ്യമിടുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉപയോഗിച്ചതായി തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ഇസ്രയേലി ബന്ദികളെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കായിരുന്നു ഇവയെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ കോർപറേറ്റ് വെബ്സൈറ്റിലെ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
ഗസ്സയിൽ കുഞ്ഞുങ്ങളടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയ യുദ്ധത്തിൽ മൈക്രോസോഫ്റ്റിന്റെ വ്യക്തമായ പങ്കാളിത്തത്തെക്കുറിച്ച് ആദ്യമായാണ് കമ്പനി തുറന്ന് സമ്മതിക്കുന്നത്.
അമേരിക്കൻ ടെക് ഭീമന് ഇസ്രായേലി പ്രതിരോധ മന്ത്രാലയവുമായുള്ള അടുത്ത പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്ന് മൂന്ന് മാസത്തിനുശേഷമാണ് ഇക്കാര്യം മൈക്രോസോഫ്റ്റ് സമ്മതിച്ചത്.
ടെക് കമ്പനികൾ തങ്ങളുടെ എ.ഐ ഉത്പന്നങ്ങൾ ഇസ്രായേൽ, യുക്രെയ്ൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ സൈന്യത്തിന് വലിയ തോതിൽ വിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.