അന്തർദേശീയം

ഇനി സ്കൈപ്പ് ഇല്ല ? വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടാനൊരുങ്ങി മൈക്രോ സോഫ്റ്റ് ?

വാഷിംഗ്‌ടണ്‍: നീണ്ട 22 വര്‍ഷത്തെ സേവനത്തിന് ശേഷം വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. മെയ് മാസം മുതല്‍ സ്കൈപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് എക്‌ഡിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൈപ്പ് വിട പറയുന്നതായി മുന്നറിയിപ്പ് സന്ദേശം ഉടന്‍ തന്നെ സ്കൈപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് ദൃശ്യമായേക്കും. എന്നാല്‍ സ്കൈപ്പ് അടച്ചുപൂട്ടുന്നു എന്ന വാര്‍ത്തയില്‍ പ്രതികരണത്തിനായി മൈക്രോസോഫ്റ്റിനെ എക്സ്ഡിഎ സമീപിച്ചെങ്കിലും കമ്പനി മൗനം വെടിഞ്ഞിട്ടില്ല.

ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. 2003ലാണ് സ്കൈപ്പ് ലോഞ്ച് ചെയ്തത്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ സ്കൈപ്പ് ലഭ്യമാണ്. 2011ല്‍ സ്കൈപ്പ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെ പ്ലാറ്റ്‌ഫോം ഏറെ വളര്‍ന്നു. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതോടെ ലോകമാകെ വലിയ ഖ്യാതിയും സ്കൈപ്പ് നേടി.

സ്കൈപ്പ് 2025 മെയ് മാസത്തോടെ പ്രവര്‍ത്തനരഹിതമാകും എന്നാണ് എക്‌ഡിഎയുടെ പുതിയ റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് തന്നെ 2017ല്‍ പുറത്തിറക്കിയ ടീംസ് ആപ്പ് (Microsoft Teams) സ്കൈപ്പിന് കനത്ത വെല്ലുവിളിയായുണ്ട്. സ്ലാക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാന്‍ തക്ക കരുത്തില്‍ തയ്യാറാക്കിയതാണ് ടീംസ് ആപ്പ്. വര്‍ക്ക്‌സ്പേസ് ചാറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഫയല്‍ സ്റ്റോറേജ് തുടങ്ങിയ ഓപ്ഷനുകള്‍ മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. സ്കൈപ്പ് അടച്ചുപൂട്ടിയാല്‍ ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റ് ടീംസിലേക്ക് ചേക്കേറേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button