അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നൽകും : മെക്സികോ
വാഷിങ്ടൺ : അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നൽകുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെൻബാം പറഞ്ഞു. ട്രംപിന്റെ നടപടിക്ക് ബദലായി ഒരു പ്ലാൻ ബിയുണ്ടാക്കാൻ ഇക്കണോമിക് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീരുവ ചുമത്തുന്നതിന് പുറമേ അല്ലാത്ത മാർഗങ്ങളും ഇതിനായി നോക്കുമെന്നും മെക്സികോയുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തന്റെ സർക്കാറിന് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ളത് അപവാദപ്രചാരണം മാത്രമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കാനഡ, മെക്സികോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ഇത് ഈ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ മോശമാക്കുമെന്നാണ് സൂചന. മൂന്ന് ഉത്തരവുകളിലാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
കാനഡ, മെക്സികോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. കാനഡയിൽ നിന്നുള്ള എണ്ണ ഉൽപന്നങ്ങൾക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 10 ശതമാനം തീരുവയാവും ചുമത്തുക. ചൊവ്വാഴ്ച മുതൽ ട്രംപിന്റെ പുതിയ നിർദേശങ്ങൾ നിലവിൽ വരും. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടി.