കടലിന് അടിയിലൂടെ ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ; ഇന്ത്യയെ ‘കണക്ട്’ ചെയ്യാന്‍ മെറ്റ

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വന്‍ പദ്ധതിയുമായി മെറ്റ. നൂറു കോടിയിലധികം ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ മെറ്റയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പൊജക്റ്റ് വാട്ടര്‍വര്‍ത്ത് എന്ന പേരില്‍ പുതിയ കണക്റ്റിവിറ്റി സ്ഥാപിക്കുന്നത്.
ഭൂമിയുടെ ചുറ്റളവിനേക്കാള്‍ ദൈര്‍ഘ്യത്തില്‍ 50,000 കിലോമീറ്ററില്‍ അധികം നീളത്തില്‍ വരുന്ന കേബിളുകള്‍ സ്ഥാപിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അഞ്ച് ഭൂഘണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കടലിലൂടെ കേബിളുകള്‍ സ്ഥാപിക്കാനാണ് മെറ്റയുടെ പദ്ധതി. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന വേളയില്‍ നടന്ന യുഎസ് – ഇന്ത്യ നേതാക്കളുടെ സമ്മിറ്റിന്റെ ഭാഗമാണ് പദ്ധതി.
മെറ്റ തങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. ഇന്ത്യ- യുഎസ് – മറ്റ് സുപ്രധാന മേഖലകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയര്‍ന്ന ശേഷിയുള്ളതും സാങ്കേതികമായി ഏറ്റവും നൂതനമായതുമായ സബ് സീ കേബിള്‍ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും മെറ്റാ വക്താവ് അറിയിച്ചു.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്‍ ഏറെ നിര്‍ണായകമായ പദ്ധതി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിലും നിര്‍ണായകമായിരിക്കും. ടെലികോം മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒപ്പം ഡാറ്റാ ട്രാഫിക് മേഖലയിലും കുതിച്ചുചാട്ടത്തിന് പദ്ധതി വഴിതുറക്കും.
പദ്ധതി സംബന്ധിച്ച ധാരണ പ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തിലെ അണ്ടര്‍സീ കേബിളുകളുടെ അറ്റകുറ്റപ്പണി, ധനസഹായം എന്നിവയില്‍ ആയിരിക്കും ഇന്ത്യന്‍ നിക്ഷേപം. പദ്ധതിയിലുടെ രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സഹകരണം ശക്തമാകുകയും സാങ്കേതിക വളര്‍ച്ചയ്ക്ക് വഴിതുറക്കുകയും ചെയ്യും. അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ ഹൈവേ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി മെറ്റയുടെ ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ശക്തി പകരുകയും ആഗോള ഡിജിറ്റല്‍ ഹൈവേകളുടെ വ്യാപ്തിയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പറയുന്നു.