രാസവസ്തു സാന്നിധ്യം : ഷെയ്‌നും ടെമുവും വിൽപ്പന ചെയ്യുന്ന കുട്ടികളുടെ 5 മോഡൽ പാദരക്ഷകൾക്ക് വിലക്ക്
ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ മാള്‍ട്ടീസ് ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അവ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് MCCAA
മാള്‍ട്ടയില്‍ വില്‍പ്പന നടത്തുന്ന കുട്ടികളുടെ പാദരക്ഷകളില്‍ അഞ്ചു മോഡലുകള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് മാള്‍ട്ട കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് അതോറിറ്റി . ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഷെയ്‌നും ടെമുവും വില്‍പ്പന ചെയ്യുന്ന ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എതിരെയാണ് മുന്നറിയിപ്പ്. മൂന്ന് സ്ലിപ്പറുകളിലും രണ്ട് ബൂട്ടുകളിലും നടത്തിയ പരിശോധനയില്‍ കാഡ്മിയം, ലെഡ്, ഫ്താലേറ്റ്‌സ്, പാരഫിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ നിയമപരമായ പരിധിയില്‍ കൂടുതലായി ഉല്‍പ്പന്നത്തിലുണ്ടെന്ന് കണ്ടെത്തി.
പാദരക്ഷകളെ മൃദുവാക്കാനും വഴക്കം വര്‍ദ്ധിപ്പിക്കാനും പ്ലാസ്റ്റിസൈസറായിട്ടാണ് ഫ്താലേറ്റുകള്‍ ഉപയോഗിക്കുന്നത്. പാരഫിന്‍ ഒരു ജ്വാല പ്രതിരോധമായി ഉപയോഗിക്കുന്നു, അതേസമയം ചായങ്ങളിലും പെയിന്റുകളിലും ലെഡും കാഡ്മിയവും നിറം നല്‍കുന്നു. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ രാസവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ അഞ്ചു ഉല്പന്നങ്ങളിലും അതിന്റെ സാന്നിധ്യം കണ്ടെത്തിയതായും MCCAA പ്രസ്താവനയില്‍ പറഞ്ഞു. അച്ചടിച്ച ടിഷര്‍ട്ടുകള്‍, മാച്ചിംഗ് സെറ്റുകള്‍, സ്ലിപ്പറുകള്‍, റെയിന്‍ ബൂട്ടുകള്‍ എന്നിവയുള്‍പ്പെടെ 10 കുട്ടികളുടെ വസ്ത്രങ്ങളും പാദരക്ഷ ഉല്‍പ്പന്നങ്ങളും ടെസ്റ്റ് ചെയ്തപ്പോള്‍ പാദരക്ഷകള്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ മാള്‍ട്ടീസ് ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അവ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് MCCAA പറഞ്ഞു. തിരിച്ചുവിളിച്ച ഉല്‍പ്പന്നത്തിന്റെ റീഫണ്ട് ക്രമീകരിക്കുന്നതിന് വില്‍പ്പനക്കാരന്‍ അവരെ നേരിട്ട് ബന്ധപ്പെടുകയും വേണം.
[email protected] എന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.