വീടിനു മുന്നില്‍ ലോഗോ പതിക്കൽ അന്തസ് കെടുത്തും, കേന്ദ്ര നിബന്ധന പിന്‍വലിക്കണം; കേന്ദ്രമന്ത്രിയോട് എംബി രാജേഷ്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കേരളം. പിഎംഎവൈ അര്‍ബന്‍ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ വീടിനു മുന്നില്‍ ലോഗോ പതിക്കണമെന്ന ആവശ്യം പിന്‍വലിക്കണമെന്നും മന്ത്രി എംബി രാജേഷ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി രാജേഷ് ഈ ആവശ്യം ഉന്നയിച്ചത്. ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് എന്നുള്ള കേരള സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തെ ആവര്‍ത്തിച്ച് അറിയിച്ചതായി എംബി രാജേഷ് പറഞ്ഞു.
ഈ കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഖട്ടര്‍ അറിയിച്ചു. ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോണ്‍ക്ലേവിലേക്കും, മെയ് മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവിലേക്കും കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ക്ഷണിച്ചതായും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
സഹായം ലഭിക്കണമെങ്കില്‍ പദ്ധതികളില്‍ കേന്ദ്രസര്‍ക്കാരിന്റെ പേരും ലോഗോയും പതിക്കണമെന്നാണ് കേന്ദ്രം നിബന്ധന വെച്ചിട്ടുള്ളത്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതി, സമഗ്ര ശിക്ഷാ പദ്ധതി, പിഎം ശ്രീ സ്കൂള്‍ പദ്ധതി തുടങ്ങിയവയാണ് ബ്രിന്‍ഡിങ് പതിക്കണമെന്ന നിര്‍ബന്ധത്തെത്തുടര്‍ന്ന് അവതാളത്തിലായത്. ഭവനപദ്ധതിയിലെ ബ്രാന്‍ഡിങ് നിബന്ധന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഒന്നര വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.