ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; നില ഗുരുതരം

ബെർലിൻ : ജർമനിയിൽ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയറിനാണ് ഗുരുതരമായി പരിക്കേറ്റത്. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ.
സ്വന്തം വീടിനു സമീപം ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് മകൻ മൊഴി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 28നാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 1ന് ചുമതലയേൽക്കാനിരിക്കേയാണ് ആക്രമണം. ജർമൻ സർക്കാരിൽ കൂട്ടുകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതാവാണ്.
അതേസമയം, ആക്രമത്തിന് പിന്നിൽ രാഷ്ട്രീയ കാരണമല്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബപ്രശ്നങ്ങൾ അക്രമത്തിലേക്ക് നയിച്ചോ എന്നാണ് സംശയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഐറിസിന്റെ രണ്ട് കുട്ടികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്.