കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിൽ തീപിടുത്തം; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

കൊല്ലം : കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീ ഇട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും.
അതേസമയം തീപിടിത്തം നിയന്ത്രണ വിധേയമായി. കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം പുലർച്ചെയോടെയാണ് അണച്ചത്. ഇന്നലെ വൈകുന്നേരം പടർന്നു പിടിച്ച തീ കിലോമീറ്ററുകളോളം വ്യാപിച്ചു. വിവിധ സ്റ്റേഷനുകളിൽ നിന്ന് പത്തോളം ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സമീപത്തെ മാഞ്ചിയം പ്ലാന്‍റേഷനിലും തീ പടർന്നെങ്കിലും വനവകുപ്പും ഫയർഫോഴ്സും ചേർന്ന് അണച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നതിൽ ഉൾപ്പടെ അന്വേഷണം നടത്തും. ഫയർഫോഴ്സ് യൂണിറ്റും സംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
തീപിടിത്തം ശ്രദ്ധയിൽപെട്ടത് ഒന്നരയോടെയെന്ന് രക്ഷാപ്രവർത്തകന്‍ വില്യം പറഞ്ഞു. ആദ്യമായാണ് ഇങ്ങനെ ഒരു തീപിടിത്തം ഉണ്ടാകുന്നത് . ശക്‌തമായ കാറ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് പടർന്ന് പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.